ബംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയതില്‍ പ്രതികരിച്ച് സിദ്ധരാമയ്യ. ഇത് 'ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വിജയം' എന്നാണ് കോണ്‍ഗ്രസ്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയത്തില്‍ അധികാരമെന്നത് ശാശ്വതമല്ലയെന്ന്‍ പറഞ്ഞ അദ്ദേഹം അടുത്ത തലമുറയ്ക്ക് മാതൃകയാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും സൂചിപ്പിച്ചു. 


അവസാരവാദ രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നുണ്ടായതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധരാമയ്യ ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ണാടകത്തില്‍ രാജിവച്ച 14 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ ഇന്ന് അറിയിച്ചു. 


വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. 


ഇതോടെ യെദിയൂരപ്പ സർക്കാർ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി. കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ മൂന്ന് എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. 


ഇവര്‍ രാജിവെച്ചിരുന്നെങ്കിലും അത് സ്പീക്കര്‍ സ്വീകരിക്കാതെ ഇവരെ അയോഗ്യരാക്കുകയായിരുന്നു. ഇവര്‍ ഇപ്പോഴും മുംബൈയിലാണ്.


സ്പീക്കറെ പുറത്താക്കാന്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി.


അതേസമയം അയോഗ്യത നടപടിക്കെതിരെ മൂന്ന് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് എംഎല്‍എമാരാണ് സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.