മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പ്രാബല്യത്തില്‍ വന്നതിനുശേഷം ജമ്മു കശ്മിരില്‍ പ്രക്ഷോഭമുണ്ടായിട്ടില്ലെന്ന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിച്ചതിന് ശേഷം ഒരു കല്ലേറും കശ്മിരില്‍ ഉണ്ടായിട്ടില്ല. മുന്‍പ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതിന് 500 രൂപയും, മറ്റെന്തെങ്കിലും കൂടുതലായി ചെയ്യുന്നതിന് 1000 രൂപയും അവര്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു. 


എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഭീകരര്‍ക്കു പണം വരുന്നത് ഇല്ലാതായതായും അതുവഴി ഭീകരവാദം കുറയ്ക്കുന്നതിനും സാധിച്ചുവെന്ന്‍ പരീക്കര്‍ പറഞ്ഞു. അതിര്‍ത്തി സുരക്ഷയായാലും സാമ്പത്തിക സുരക്ഷയായാലും പ്രധാനമന്ത്രി ഉറച്ച നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  


കശ്മീര്‍ താഴ്‌വരയിലെ പ്രക്ഷോഭങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളിലും നവംബര്‍ എട്ടിന് ശേഷം കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


പുതിയ 500 രൂപ 2000 രൂപ നോട്ടുകള്‍ക്ക് വ്യാജനിറക്കാന്‍ പാകിസ്താനോ തീവ്രവാദ സംഘടനകള്‍ക്കോ എളുപ്പം സാധിക്കില്ലെന്നാണ് റോ, ഇന്റലിജന്‍സ് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 


പുറത്തിറങ്ങുന്നതിന് മുന്‍പേയുള്ള ആറ് മാസം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ നോട്ടുകള്‍ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.