ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ദേശീയ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു-കശ്മീര്‍ പുന സംഘടനയ്ക്ക് ശേഷം കാശ്മീരില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അക്രമസംഭവങ്ങളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്നും അജിത് ഡോവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്‌ ഗൗബയും അമിത് ഷായെ അറിയിച്ചു.


ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലാണ് ഈ വിവരം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.  


ഒറ്റപ്പെട്ട സംഭവങ്ങള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഒഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണെന്നും സ്ഥലത്തെ ഏതാനും മേഖലകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.


ജമ്മു-കശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അജിത്‌ ഡോവല്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ കശ്മീരില്‍ തങ്ങിരുന്നു.


അദ്ദേഹം അനന്തനാഗ്, ഷോപിയാന്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വെള്ളിയാഴ്ചയാണ് അജിത്‌ ഡോവല്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്‌.