റായ്ബറേലി: ബിജെപി 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്നും മോദി അപരാജിതനല്ലെന്നും ജനങ്ങളേക്കാള്‍ വലുതായി ആരുമില്ലെന്നും യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി. മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് സോണിയാ ഗാന്ധിയുടെ പരാമര്‍ശം... 


COMMERCIAL BREAK
SCROLL TO CONTINUE READING

2004ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വാജ്പേയിയെ പലരും അജയ്യനായ നേതാവായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലേറുകയായിരുന്നെന്ന് സോണിയ ഓര്‍മ്മിപ്പിച്ചു. 


നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന്ശേഷം പുറത്തിറങ്ങിയ അവരെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? മോദിയെ ഇത്തവണ പരാജയപ്പെടുത്തുമോ എന്നെല്ലാമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍. മോദിയെ എന്താ ആര്‍ക്കും പരാജയപ്പെടുത്താന്‍ പറ്റില്ലേ എന്നായിരുന്നു സോണിയയുടെ മറുചോദ്യം. ശേഷമാണ് സോണിയ അല്പം ചരിത്രം സൂചിപ്പിച്ചത്. 


മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം റായ്ബറേലിയില്‍നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ അവസരത്തിലായിരുന്നു സോണിയ ഗാന്ധി ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. 


റായ്ബറേലിയില്‍ കോണ്‍ഗ്രസ്‌ റോഡ്‌ഷോയും നടത്തിയിരുന്നു. 


നാലാം തവണയാണ് സോണിയ റായ്ബറേലിയില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നിന്നും ബിജെപിയിലെത്തിയ ദിനേശ് പ്രതാപാണ് സോണിയയുടെ എതിരാളി.