ലഖ്നൗ: ഇത്തവണ അച്ഛന്‍റെ മണ്ഡലത്തില്‍ മകന്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഏവരും ഉറ്റുനോക്കിയിരുന്ന ഉത്തര്‍പ്രദേശിലെ മണ്ഡലമായ അസംഗഡില്‍ എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിന്‍റെ മകനും പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് മത്സരിക്കും. 


കാലങ്ങളായി മുലായം സിംഗ് യാദവിന്‍റെ കൈപിടിയിലിരുന്ന മണ്ഡലമാണ് അസംഗഡ്. ഈ മണ്ഡലത്തില്‍ മുലായം സിംഗ് യാദവല്ല അഖിലേഷ് യാദവാണ് ഇത്തവണ മത്സരിക്കുക. അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസം ഖാന്‍ രാംപുരില്‍ നിന്നും ജനവിധി തേടും. 


അസംഗഡ് മണ്ഡലത്തില്‍ മേയ് 12നാണ് തിരഞ്ഞെടുപ്പ് നടക്കുക. 


ലോക്സഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം മുലായം സിംഗ് യാദവ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതും മോദി വീണ്ടും പ്രധാനമന്ത്രിയായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതും വലിയ വിവാദമായിരുന്നു. 


അതേസമയം, മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് മെയിന്‍പുരിയില്‍നിന്നുമാണ് ഇത്തവണ മത്സരിക്കുക. കന്നൗജില്‍നിന്നും അഖിലേഷ് യാദവിന്‍റെ പത്നി ടിംപിള്‍ മത്സരിക്കും. മെയിന്‍പുരിയില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ കന്നൗജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രില്‍ 29 നാണ്. 


ലോക്സഭാ തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ 7 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് അവസാന ഘട്ടമായ മെയ്‌ 23 നാണ്.