ലഖ്‌നൗ: ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമുണ്ടായ വ്യാജമദ്യ ദുരന്തങ്ങളില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍, കുഷിനഗര്‍, എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലുമാണ് ദുരന്തം സംഭവിച്ചത്. 


ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഉമാഹി ഗ്രാമത്തില്‍ 5 പേര്‍ മരിച്ചതോടെയാണ് വിവരം പുറത്തുവരുന്നത്. ഇതുവരെ ഇവിടെ 16 പേര്‍ മരിച്ചു. ഹരിദ്വാറില്‍ 12 പേരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പിന്നീടാണ് അടുത്ത ഗ്രാമങ്ങളില്‍ നിന്നും മരണവാര്‍ത്തയെത്തിത്തുടങ്ങിയത്.


വ്യാജമദ്യം കഴിച്ച നിരവധിയാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


സംഭവത്തില്‍ കര്‍ശന നടപടി കൈക്കൊള്ളാനാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംഭവം സംബന്ധിച്ച് പൊലീസും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചു. വ്യാജമദ്യം കണ്ടെത്താന്‍ 15 ദിവസത്തെ ശക്തമായ തിരച്ചിലിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. 


കൂടാതെ, വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.