മാർ ജോർജ് ആലഞ്ചേരിക്ക് സംസ്ഥാന സർക്കാരിന്റെ ക്ലീൻ ചിറ്റ്;നിയമവിരുദ്ധ ഇടപാടുകൾ നടന്നിട്ടില്ലെന്ന് സർക്കാർ സുപ്രീംകോടതിയിൽ
സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സർക്കാർ അറിയിച്ചത്
ഡൽഹി: ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സംസ്ഥാന സർക്കാരിന്റെ ക്ലീൻ ചിറ്റ്. നിയമവിരുദ്ധമായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇടപാടുകൾ കാനോൻ നിയമപ്രകാരമായിരുന്നെന്നും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സംസ്ഥാന സർക്കാർ ക്ലീൻ ചിറ്റ് നൽകി. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സർക്കാർ അറിയിച്ചത്. നേരത്തേ കേസിൽ പോലീസും റവന്യു വകുപ്പും ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആണ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേസ് റദ്ദാക്കാൻ ആവില്ലെന്നും സർക്കാർ നിലപാട് അറിയണമെന്നും സുപ്രീം കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമവകുപ്പ് അണ്ടർ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചത്. മെഡിക്കൽ കോളേജ് നിർമ്മിക്കുന്നതിനായി സഭ വാങ്ങിയ ഭൂമി പിന്നീട് മറിച്ചു വിറ്റതിൽ ക്രമക്കേട് ആരോപിച്ചുകൊണ്ടാണ് ആലഞ്ചേരിക്കെതിരെ കേസെടുത്തത്. ഇടപാടുകൾ കോനോൻ നിയമപ്രകാരമായിരുന്നു നടന്നിരുന്നതെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...