ന്യൂഡൽഹി: വിവാദ സിനിമ ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹരജി. സിനിമയിലെ ഒരു പരാമർശം മാത്രം ഒഴിവാക്കി പ്രദർശിപ്പിക്കാമെന്ന ബോംബെ​​​ ഹൈകോടതി വിധിക്കെതിരെ ഹ്യൂമൻ റൈറ്റ്സ് അവെയ്ർനെസ് എന്ന സന്നദ്ധസംഘടയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമയിലെ കട്ടുകൾ തീരുമാനിക്കേണ്ടത് കോടതിയല്ല എന്നാണ് ഹരജിക്കാരുടെ വാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ വെള്ളിയാഴ്ച തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന സാഹചര്യത്തിൽ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട കോടതി ഹരജി ഫയലിൽ സ്വീകരിക്കണമോ എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്ന് അറിയിച്ചു.പഞ്ചാബിലെ മയക്കുമരുന്നിന്‍റെ  അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്‍റെ  ഇതിവൃത്തം. ചിത്രത്തിലെ 82 ഭാഗങ്ങള്‍ ഒഴിവാക്കാനും ചിത്രത്തിന്‍റെ പേരില്‍ നിന്ന് പഞ്ചാബ് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെതിരെ നിര്‍മാതാക്കളായ വികാസ് ബഹ്ലും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചിരുന്നു. ബോംബെ കോടതിയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.


ചിത്രത്തില്‍ ഇന്ത്യയുടെ പരമാധികാരത്തേയോ അന്തസത്തയേയോ ചോദ്യം ചെയ്യുന്ന യാതൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ കഥാപശ്ചാത്തലം പഞ്ചാബ് തന്നെയാണെന്ന് വ്യക്തമാണ്. അതില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. എന്നാല്‍ ഇത് വളരെ ക്രിയാത്മകമായ ഉദ്യമമാണെന്നും അധിക്ഷേപാര്‍ഹമായ രീതിയില്‍ യാതൊന്നും ചിത്രത്തില്‍ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. അതുകൊണ്ട് കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങള്‍ നീക്കം ചെയ്യണമെന്നസെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. 13 വെട്ടിത്തിരുത്തലുകളോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹ് ലാനി അറിയിച്ചിരുന്നു. ഉഡ്താ പഞ്ചാബ് നാളെ റിലീസ് ചെയ്യും.