സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെതിരെ കുറ്റപത്രം
സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹികപീഡനം എന്നിവ ചുമത്തിയിട്ടുണ്ട്.
ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹി പൊലീസ് ശശി തരൂരിനെ ചോദ്യം ചെയ്തിരുന്നു. അന്‍പതോളം ചോദ്യങ്ങളാണ് ശശി തരൂരിനായി അന്വേഷണസംഘം തയ്യാറാക്കിയിരുന്നത്.
2014 ജനുവരി 17നായിരുന്നു ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണം സംഭവിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് തരൂരിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ശ്രദ്ധേയമായ വസ്തുത.
ബിജെപിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമല്ലെന്ന ശശി തരൂരിന്‍റെ പ്രസ്താവന ചര്‍ച്ചയായതിന് പിന്നാലെയാണ് തരൂരിനെ പ്രധാന പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്.