ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറയെ നിയമിച്ചു. ഡിസംബര്‍ 2ന് അദ്ദേഹം ചുമതലയേല്‍ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയുടെ നിയമനം. തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളാണ്  സുനില്‍ അറോറ.


2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്‍റെ കീഴിലായിരിക്കും നടക്കുക. കൂടാതെ, ജമ്മു-കശ്മീർ, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വർഷമാണ് നടക്കുക. 


രാജസ്ഥാനില്‍ വസുന്ധര രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഏറ്റവും വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്നു സുനിൽ അറോറ.


കഴിഞ്ഞ വര്‍ഷം നസീം സെയ്ദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അറോറ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തുന്നത്. രാജസ്ഥാന്‍ കേഡറില്‍നിന്നുള്ള 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അറോറ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് തലവനായിരുന്നു. ധനകാര്യം, ടെക്‌സ്‌റ്റൈല്‍, ആസൂത്രണ കമീഷന്‍ എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ച സുനില്‍ അറോറ ഇന്ത്യന്‍ എയര്‍ലൈന്‍സ് സി.എം.ഡിയായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.