ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അഭിപ്രായ സര്‍വെകളുടെ ഫലങ്ങളെല്ലാം ആംആദ്മിക്ക് അനുകൂലമാണെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

70 അംഗ നിയമസഭയില്‍ 59 സീറ്റുവരെ എഎപി നേടിയേക്കാമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിയ്ക്ക് എട്ടും കോണ്‍ഗ്രസിന് മൂന്നു സീറ്റുമാണ് സര്‍വെ പറയുന്നത്. 


2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും പിടിച്ചെടുത്ത് മികച്ച മുന്നേറ്റമാണ് ആംആദ്മി നേടിയത്. ബിജെപിയ്ക്ക് മൂന്നു സീറ്റാണ് അന്ന് ലഭിച്ചത്. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല.


സര്‍വെ റിപ്പോര്‍ട്ട് അനുസരിച്ച് 55 ശതമാനത്തോളം വോട്ട് എഎപിക്ക് ലഭിക്കുമെന്നാണ്. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാളും ആറു ശതമാനം വോട്ട് കുറഞ്ഞ് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നുമാണ് റിപ്പോര്‍ട്ട്.


കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. 


മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അരവിന്ദ് കേജരിവാളിനാണ് ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത്. 


സംസ്ഥാന സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതില്‍ വോട്ടര്‍മാരുടെ മനോഭാവവും തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പ്രകടനവും പ്രധാന ഘടകങ്ങള്‍ ആണ്.


കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാനസര്‍ക്കാരിനേയും തിരഞ്ഞെടുക്കുമ്പോള്‍ വോട്ടര്‍മാര്‍ വ്യത്യാസം കാണിക്കുമോ എന്നത് വലിയൊരു ചോദ്യമാണ്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ വ്യത്യാസം പ്രകടമായിരുന്നു.


ആംആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ടുകള്‍ ഒരേ വിഭാഗങ്ങളില്‍ നിന്നുള്ളവയാണ് അതുകൊണ്ടുതന്നെ ഇനിയും ആംആദ്മി പാര്‍ട്ടി വന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പ്‌ അപകടത്തിലാവുമെന്ന കാര്യത്തില്‍ സംശയമില്ല.


പൊതുവേ ഡല്‍ഹിയില്‍ ബിജെപി കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മാറിമാറി വരുകയാണ് ഉണ്ടായിരുന്നത് അതാണ് 2015 ല്‍ ആംആദ്മി പാര്‍ട്ടി പിടിച്ചെടുത്തത്. 


മാത്രമല്ല ഷീലാ ദീക്ഷിതിന്‍റെ വിയോഗം കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് വലിയ അടിയാണ്. സംസ്ഥാനത്തെ ജനങ്ങളോട് അത്രയ്ക്കും അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു ഷീല ദീക്ഷിത്. 


എന്തായാലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും വോട്ടുകള്‍ പിടിച്ചെടുത്ത് ആംആദ്മി വീണ്ടും അധികാരത്തില്‍ വരുമോയെന്ന് ഫെബ്രുവരി 11 അറിയാം.


ഡല്‍ഹിയില്‍ ഫെബ്രുവരി 8 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഫെബ്രുവരി 11 ന് നടക്കും.


Also read: ഡല്‍ഹി തിരഞ്ഞെടുപ്പ്: ഫെബ്രുവരി 8ന് വോട്ടെടുപ്പ്, 11ന് വോട്ടെണ്ണല്‍