ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ‌ തടവിലാക്കിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്‍റെ മാതാവിനു വീസ നൽകാത്തതിൽ പ്രതിഷേധവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യം ആവശ്യപ്പെട്ടു പാക്ക് വിദേശകാര്യമന്ത്രി സർതാജ് അസീസിനു നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പാക്കിസ്ഥാനിൽനിന്നുള്ള കാൻസർ രോഗിക്ക് ഇന്ത്യ വീസ നിഷേധിച്ചെന്ന ആരോപണവും അവർ നിഷേധിച്ചു. ചികിത്സക്കായി ഇന്ത്യൻ വിസ അപേക്ഷിക്കുന്ന എല്ലാ പാകിസ്​താൻ പൗരൻമാരോടും സഹതാപമു​ണ്ട്​. മെഡിക്കൽ വിസക്ക്​ അപേക്ഷിക്കുന്ന പാക്​ പൗരൻമാർ സർതാജ്​ അസിസിന്‍റെ ശുപാർശയോടെ അപേക്ഷ നൽകുകയാണെങ്കിൽ എത്രയും പെട്ടന്ന്​ അനുവദിക്കാൻ കഴിയുമെന്നും സുഷമ ട്വീറ്റ്​ ചെയ്​തു.


ഇരുപത്തഞ്ചുകാരിയായ ഫൈസ തൻവീറാണു വായ്ക്കുള്ളിലെ കാൻസറിനുള്ള ചികിൽസയ്ക്കു വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണു വീസ നിഷേധിക്കാൻ കാരണമെന്നു ഫൈസയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ സർതാജ് അസീസ്, ഫൈസയ്ക്ക് വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കത്തുനൽകിയിട്ടില്ലെന്നു സുഷമ സ്വരാജ് പറഞ്ഞു.