റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്, അതീവ ജാഗ്രതയിൽ സുരക്ഷാ സേന
അതീവ ജാഗ്രത വേണമെന്ന് സുരക്ഷ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് സുരക്ഷ ഏജൻസികൾ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കും സൈനികർക്കും സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോർട്ട് സുരക്ഷ സേനയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ട്. തിരക്കേറിയ സ്ഥലങ്ങൾക്കും മാർക്കറ്റുകൾക്കും പുറമെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഭീകരർക്ക് ആക്രമണങ്ങളോ സ്ഫോടനങ്ങളോ ആസൂത്രണം ചെയ്യാം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, പ്രധാന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്താനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതീവ ജാഗ്രത വേണമെന്ന് സുരക്ഷ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിന് യൂണിറ്റ് കൺട്രോൾ റൂമുകളും കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് സ്വന്തം ഉറവിടങ്ങൾ സജീവമാക്കുന്നതിനൊപ്പം പ്രദേശത്തെ രഹസ്യാന്വേഷണ ഏജൻസികളുമായും സിവിൽ പോലീസുമായും അടുത്ത ബന്ധം പുലർത്തണമെന്നും ഉത്തരവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...