വേണമെങ്കില്‍ പാക് അധീന കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയാകാം: രാജ്നാഥ് സിംഗ്
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരേ നിലപാട് കടുപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരേ നിലപാട് കടുപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
പാക്കിസ്ഥാനുമായി ഇനിയൊരു ചര്‍ച്ച പാക് അധിനിവേശ കാഷ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ജമ്മു-കശ്മീരിന്റെ വികസനത്തിനായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. എന്നാല്‍, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും മറ്റു വഴിയൊന്നുമില്ലാത്തതിനാല്‍ എല്ലാ രാജ്യങ്ങളുടേയും വാതിലില്‍ അവര്‍ മുട്ടുകയാണെന്നും രാജ്നാഥ് സിംഗ് പരിഹസിച്ചു.
കൂടാതെ, പാക്കിസ്ഥാനുമായി ഇനി ഒരു ചര്‍ച്ച, അവര്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തിയാലേ സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തേയും അദ്ദേഹം പരിഹസിച്ചു.
ബലാകോട്ട് ആക്രമണത്തിനെക്കാൾ വലിയ ആക്രമണത്തിന് ഇന്ത്യ പദ്ധതിയിടുന്നുവെന്ന് പാക് പ്രധാനമന്ത്രി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ബലാകോട്ടിൽ ഇന്ത്യ എന്താണ് ചെയ്തതെന്ന് അദ്ദേഹം അംഗീകരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്, രാജ്നാഥ് സിംഗ് പറഞ്ഞു.