Tauktae Cyclone മുംബൈയിൽ; അതീവജാഗ്രത
185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം അടച്ചു
മുംബൈ: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് (Tauktae Cyclone) അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുംബൈയിലും താനെയിലും അതിശക്തമായ മഴയാണ് (Heavy Rain) പെയ്യുന്നത്. തീരദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. മുംബൈ തീരം കടന്നുപോകുന്ന ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടുമെന്നും മുന്നറിയിപ്പുണ്ട്. 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം അടച്ചു.
കൊങ്കൺ തീരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിച്ചു. ചുഴലിക്കാറ്റ് (Cyclone) മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതലെന്നോണം കൊവിഡ് കെയർ സെന്ററുകളിൽ നിന്ന് 580 രോഗികളെ ബൃഹൻ മുംബൈ കോർപറേഷൻ മാറ്റി. ഇന്ന് രാത്രി തന്നെ ചുഴലിക്കാറ്റ് പൂർണമായി കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. രാത്രി എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും ചുഴലിക്കാറ്റ് പൂർണമായും കരതൊടുന്നതെന്നാണ് പ്രവചനം.
ALSO READ: Tauktae Cyclone: ടൗട്ടെ കേരള തീരം വിട്ട് ഗോവ തീരത്തേക്ക്; പടിഞ്ഞാറൻ തീരമേഖല ജാഗ്രതയിൽ
ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്ന ഗുജറാത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതായി ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ഗുജറാത്തിലെ പോർബന്ദറിനും ഭാവ്നഗറിനും ഇടയിലായി കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിൽ ദുരന്ത നിവാരണ സേനയുടെ 24 സംഘങ്ങളെ നിയോഗിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണം നിർത്തിവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേരളം, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായത്. കർണാടകയിൽ 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. നാല് പേർ മരിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരള തീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
അതിതീവ്ര മഴയും ശക്തമായ കാറ്റും മൂലം കേരളത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ട് പേർ മുങ്ങിമരിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് (Tauktae Cyclone) കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ALSO READ: ലക്ഷദ്വീപ് ബോട്ടപകടം; എട്ട് പേരെ കണ്ടെത്തി, ഒരാളെ കണ്ടെത്താനായില്ല
ലക്ഷദ്വീപിലും ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളുണ്ടാക്കി. ദ്വീപുകൾ വലിയ കടലാക്രമണ ഭീഷണിയാണ് നേരിടുന്നത്. 10 ദ്വീപുകളിലായി 58 വീടുകളും 63 മീൻപിടിത്ത ബോട്ടുകളും തകർന്നു. കിൽത്തൻ, ചേത്ലാത്ത്, കടമത്ത്, അമ്നി തുടങ്ങിയ ദ്വീപുകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA