`മൃതദേഹം മാറിപ്പോയി`; സംസ്കരിച്ചയാൾ ജീവിച്ചിരിപ്പുണ്ട് എന്നാൽ....
ഇരുവരുടെയും കേസ് റിപ്പോർട്ടുകൾ മാറിപ്പോയതാണ് ഈ സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം
കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ മാറിപ്പോയ സംഭവം വീണ്ടും. മഹാരാഷ്ട്രയിലെ താനെയിലെ കോപ്രി ഗ്ലോബൽ ഹബ് കോവിഡ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ മാസം 29 ന് ഇവിടെ പ്രവേശിപ്പിച്ച 72 വയസ്സുകാരനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന 67 വയസ്സുള്ള കോവിഡ് രോഗിയുടെ ബന്ധുക്കൾക്ക് കൈമാറിയെന്ന വിവരം വെളിപ്പെടുന്നത്.
തുടർന്ന് 67 വയസ്സുകാരന്റെ സംസ്‌കാരം കഴിഞ്ഞ് വിശ്രമിക്കുന്ന ബന്ധുക്കൾക്ക് അയാൾ ജീവിച്ചിരിപ്പുണ്ടെന്ന ആശുപത്രി അധികൃതരുടെ സന്ദേശമെത്തി. എന്നാൽ, ഈ സന്തോഷം ഏറെ നീണ്ടുനിന്നില്ല. ചൊവ്വാഴ്ച ഇയാൾ മരണത്തിന് കീഴടങ്ങി. ഇപ്പോൾ വീണ്ടും അന്ത്യകർമ്മങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.
Also Read: മാസ്ക് ധരിക്കാത്തവർക്ക് വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയാർ
ഇരുവരുടെയും കേസ് റിപ്പോർട്ടുകൾ മാറിപ്പോയതാണ് ഈ സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം. കോവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ മുംബൈയിലെയും നഗരപ്രാന്തങ്ങളിലെയും ആശുപത്രികളിൽ മൃതദേഹങ്ങൾ മാറിപ്പോകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ ലഭിക്കുന്ന മൃതദേഹങ്ങൾ യഥാർഥ ആളിന്റേതു തന്നെയാണെന്ന് ഉറപ്പുവരുത്താൻ പലപ്പോഴും ബന്ധുക്കൾക്കും കഴിയുന്നില്ല