ന്യൂഡല്‍ഹി: അവസാന നിമിഷം പരാജയപ്പെട്ടുവെങ്കിലും അഭിമാനകരമായ നേട്ടം കൈവരിച്ച ഐ.എസ്.ആര്‍.ഒയിലെ 


COMMERCIAL BREAK
SCROLL TO CONTINUE READING

ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.


ഐ.എസ്.ആര്‍.ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞന്‍മാരും അവരുടെ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു. നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി ട്വീറ്റർ സന്ദേശത്തിൽ പറഞ്ഞു. 



അതേസമയം, ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഒപ്പം ഭാവിയിലെ എല്ലാ സംരംഭങ്ങള്‍ക്കും അമിത് ഷാ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. 



ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ ചരിത്രം കുറിച്ചെന്നും മികച്ച പ്രകടനം കാഴ്ചവച്ചെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍  ട്വീറ്ററില്‍ കുറിച്ചു.  


തിരിച്ചടികളില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം രാജ്യം തിരിച്ചുവന്നിട്ടുണ്ട്. പരാജയങ്ങളില്‍ പലതും പഠിക്കാനുണ്ടെന്നും അതു ഭാവിയില്‍ ഉപകരിക്കുമെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ഓര്‍മിപ്പിച്ചു. നിങ്ങളുടെ നിരാശ നിറഞ്ഞ മുഖം ഞാന്‍ കണ്ടിരുന്നുവെന്നും അതിന്‍റെ ആവശ്യമില്ല എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 


വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍-2, വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത' സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ്‌ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ ദൂരെവെച്ചാണ് ലാന്‍ഡറില്‍ നിന്നും ആശയ വിനിമയം നഷ്ടമായത്. 


നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ഇതോടെ ചാന്ദ്രയാന്‍ 2 അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.


ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43നാണ് ഓടെയാണ് ‘ബാഹുബലി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു യാത്ര.