ന്യൂഡല്‍ഹി: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓഡര്‍ ഓഫ് ദ നൈല്‍' (Order Of The Nile) ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിച്ച വേളയിലായിരുന്നു രാഷ്ട്രത്തലവന്‍ വിശിഷ്ടാതിഥിയ്ക്ക് ബഹുമതി കൈമാറിയത്. അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. 26 വർഷത്തിനിടയിൽ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനായി എത്തുന്ന ആദ്യഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എല്‍-സിസി സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് എല്‍-സിസിയുടെ ഇന്ത്യാസന്ദര്‍ശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

നരേന്ദ്ര മോദി അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ഈജിപ്തിലെ ചരിത്രപ്രധാനമായ അല്‍-ഹക്കിം പള്ളി, കെയ്‌റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര്‍ സെമിട്രി എന്നിവ സന്ദര്‍ശിച്ചു. കെയ്‌റോയിലെ ആയിരം കൊല്ലം പഴക്കമുള്ള ഇമാം അല്‍-ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ മോദി ചുമരുകളിലും കവാടങ്ങളിലും ആലേഖനം ചെയ്ത കൊത്തുപണികള്‍ ആസ്വദിക്കുകയും പ്രശംസിക്കുകയും ചെയ്തു. 13,560 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ആരാധനാലയം ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമുദായത്തിന്റെ സഹായത്തോടെയാണ് പുനര്‍നിര്‍മിച്ചത്.


ALSO READ: അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ചരിത്രത്തിലെ മറക്കാനാകാത്ത കാലഘട്ടം: പ്രധാനമന്ത്രി


ഒന്നാം ലോക മഹായുദ്ധ കാലത്ത് വീരചരമമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഹീലിയോപോളിസ് വാര്‍ സെമിട്രിയില്‍ പ്രധാനമന്ത്രി ആദരവര്‍പ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഈജിപ്തിലും പാലസ്തീനിലുമായി പങ്കെടുത്ത് വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യന്‍ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്.


1970 മുതല്‍ ഇമാം അല്‍-ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ദാവൂദി ബൊഹ്‌റയാണ്. ഈജിപ്ത്, സിറിയ, ടുണീഷ്യ ഉള്‍പ്പെടെയുള്ള മെഡിറ്ററേനിയന്‍-ആഫ്രിക്കന്‍ മേഖലയില്‍ ഭരണം നടത്തിയിരുന്ന ഫാത്തിമിഡ് വംശത്തിന്റെ പിന്‍തലമുറക്കാരാണ് ദാവൂദി ബൊഹ്‌റ.ഗുജറാത്തിലും ബൊഹ്‌റ സമുദായത്തിലുള്ളര്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇവരുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ അജിത് ഗുപ്‌തെ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ