Chithra Ramakrishna | ഒരു സന്യാസിയുടെ നിയന്ത്രണത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവി, ആരാണ് യഥാർഥ ചിത്ര രാമകൃഷ്ണ ?
സ്റ്റോക്ക് എക്സ്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണൻ തീരുമാനിച്ചതെന്നും കണ്ടെത്തൽ
ഒരു പക്ഷെ 1985-കളുടെ തുടക്കത്തിൽ ആരാണ് ചിത്ര രാമകൃഷ്ണൻ എന്ന ചോദ്യം വന്നിരുന്നതെങ്കിൽ വെറുമൊരു ചാർട്ടേഡ് അക്കൌണ്ടൻറിനെ ലോകം ചൂണ്ടിക്കാട്ടിയേനെ. എന്നാൽ ഐഡിബിഐ ബാങ്കിൻറെ പ്രൊജക്ട് ഫിനാൻസ് ഡിവിഷനിലേക്കുള്ള അവരുടെ മാറ്റമായിരുന്നു പിൽക്കാലത്ത് മൂലധന വിപണിയുടെ നിയന്ത്രണത്തിലേക്ക് ചിത്രയെ എത്തിച്ചത്.
അത്രയുമധികം പ്രധാന്യമുള്ള, സെൻസിറ്റീവായ പദവിയിലിരുന്ന സ്ത്രീ ഭരണം നിർവഹിച്ചത് അഞ്ജാതനായ ഏതൊ യോഗിയുടെ നിയന്ത്രണത്തിലായിരുന്നു എന്നത് രാജ്യത്തെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു.
ആരാണ് ചിത്ര രാമകൃഷ്ണ ?
ഇന്ത്യയുടെ മൂലധന വിപണി പരിഷ്കരിക്കുക എന്ന ലക്ഷ്യംവെച്ച് 1990-കളുടെ തുടക്കത്തിലാണ് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടകമായത്. ഇതിന്‍റെ ആദ്യത്തെ വനിതാ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് ചിത്ര രാമകൃഷ്ണ. കഴിഞ്ഞ 20 വർഷമായി സാമ്പത്തിക മേഖലയിലെ മികച്ച വ്യക്തിത്വമാണ്. ബുദ്ധിയുടെയും യുക്തിയുടെയും ശാസ്ത്രീയമായ സാമ്പത്തികാവലോകനത്തിന്റെയും അടിസ്ഥാനത്തിൽ എൻഎസ്ഇയെ നയിക്കാനായി ചുമലതലപ്പെട്ടവൾ.
എവിടെയാണ് ചിത്രയ്ക്ക് പിഴച്ചത് ? തന്റെ ബുദ്ധിക്ക് പകരം ഒരു അജ്ഞാത ഹിമാലയൻ യോഗി തലച്ചോറിൽ പ്രവർത്തിക്കുകയായിരുന്നു താനെന്ന് ഒരിക്കൽ പോലും അവർക്ക് തോന്നിയില്ലേ എന്നത് ഞടുക്കുന്ന യാഥാർത്ഥ്യമാണ്. സ്റ്റോക്ക് എക്സ്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണൻ തീരുമാനിച്ചതെന്നും സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അന്വേഷണത്തില്‍ കണ്ടെത്തി.
ചിത്രയുടെ മാറ്റങ്ങൾ
ഡയറക്ടർ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം 2016ല്‍ ചിത്ര രാമകൃഷ്ണൻ എന്‍എസ്ഇ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ക്രമ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ചിത്ര രാമകൃഷ്ണന് 3 കോടിരൂപ സെബി പിഴ ചുമത്തി. അടുത്ത മൂന്നു വര്‍ഷത്തേക്ക് വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. ബോളിവുഡ് സിനിമ തിരക്കഥകളെ വെല്ലുന്ന കണ്ടെത്തലുകളാണ് സെക്യുരിറ്റീസ് എക്സ്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തിയത്.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആദ്യ വനിത മേധാവിയെന്ന് പേരെടുത്ത ചിത്ര രാമകൃഷ്ണനെ, ഈ ചുമതലയിലിരിക്കെ നയിച്ചത് തിരിച്ചറിയാനാകാത്ത അജ്ഞാതനെന്നാണ് സെബിയുടെ കണ്ടെത്തല്‍. യോഗിയെന്ന് ചിത്ര രാമകൃഷ്ണന്‍ വിശ്വസിക്കുന്ന വ്യക്തിയുടെ നിര്‍ദ്ദേശത്തിലാണ് എന്‍എസ്ഇയിലെ എല്ലാ നിര്‍ണ്ണായക തീരുമാനങ്ങളും എടുത്തിരിക്കുന്നത്. എന്‍എസ്ഇയുടെ ബിസിനസ് പദ്ധതികള്‍, സാമ്പത്തിക വിശദാംശങ്ങള്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡിന്‍റെ അജണ്ടകള്‍ വരെ ഈ അജ്ഞാത വ്യക്തിയുമായി ചിത്ര രാമകൃഷ്ണൻ പങ്കുവെച്ചുവെന്നാണ് കണ്ടെത്തല്‍.
ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങള്‍ മുതല്‍ ശമ്പളം വരെ നിശ്ചയിച്ചിരുന്നതും ഈ അജ്ഞാതനാണ്. എന്നാൽ ഒരിക്കൽ പോലും ചിത്ര രാമകൃഷ്ണൻ ഇയാളെ നേരിൽ കണ്ടിട്ടില്ല. ഈ വ്യക്തിയാണ് മൂന്ന് വര്‍ഷം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുത്തതെന്ന വിവരം സെബിയേയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. ചിത്ര രാമകൃഷ്ണന്‍റെ കാലയളവിലെ ഇടപാടുകളെക്കുറിച്ച് ഡയറക്ടർ ബോര്‍ഡിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും ഉയര്‍ന്ന ശമ്പളം നിശ്ചയിച്ചതും വഴിവിട്ട് നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയതും ഈ അഞ്ജാത യോഗിയുടെ നിര്‍ദ്ദേശ പ്രകാരമെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിന്‍റെ രേഖകളും സെബിയുടെ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഹിമാലയൻ യോഗിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നത് ഇ മെയിൽ വഴിയാണെന്നുള്ളതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...