ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി
The Siddaramaiah government repealed the Prohibition of Religious Conversion Act: നിർബന്ധപൂർവ്വം മതം മാറ്റുന്നത് തടയാൻ ആണ് നിയമം പ്രാഭല്യത്തിൽ കൊണ്ടു വന്നത് എന്നായിരുന്നു ബിജെപി സർക്കാരിന്‍റെ ന്യായീകരണം.
ബംഗളൂരു: ബിജെപി ഭരണകാലത്ത് കൊണ്ടു വന്ന മത പരിവർത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ബൊമ്മയ് സർക്കാർ മതപരിവർത്തന നിരോധന നിയമം പാസ്സാക്കിയത് 2022 സെപ്റ്റംബർ 21-നാണ്.
നിയമം പാസ്സാക്കിയതോടെ അന്ന് കോൺഗ്രസ് സഭയിൽ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു. കർണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 ആണ് റദ്ദാക്കിയിരിക്കുന്നത്. അന്ന് ക്രിസ്ത്യൻ സമൂഹത്തിലുള്ളവർ അടക്കം മതപരിവർത്തന നിരോധന നിയമത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.
നിർബന്ധപൂർവ്വം വ്യക്തികളെ മതം മാറ്റുന്നത് തടയാൻ ആണ് നിയമം പ്രാഭല്യത്തിൽ കൊണ്ടു വന്നത് എന്നായിരുന്നു ബിജെപി സർക്കാരിന്‍റെ ന്യായീകരണം. വിവാഹം കഴിഞ്ഞതിന് ശേഷം വധുവിനേയോ വരനേയോ നിർബന്ധിച്ച് മതം മാറ്റി എന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം.
ALSO READ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു- ചിത്രങ്ങൾ
ഇത്തരത്തിൽ രക്തബന്ധത്തിൽ ഉള്ള ആരെങ്കിലും മതം മാറ്റിയെന്ന് പരാതി നൽകിയാലും അത് പരിഗണിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് വിമർശനം ഉയർന്നതാണ്.
കൂടാതെ ആർഎസ്എസിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകുമായ കേശവ് ബലിറാം ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും സിലബസ്സിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ബിജെപി സർക്കാർ ആണ് സ്കൂൾ പാഠപുസ്തകങ്ങളിൽ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയത്.എല്ലാ സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...