ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഈ മാസം 8ന് നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ സഖ്യം 292 സീറ്റുകള്‍ നേടിയ സാഹചര്യത്തിലാണ് തീരുമാനം. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറുന്ന രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി മാറും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമാണ് രാവിലെ 11.30ഓടെ ചേര്‍ന്നത്. ജൂണ്‍ 16ന് കാലാവധി അവസാനിക്കുന്ന നിലവിലെ ലോക്സഭ പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തു.


ALSO READ: 'തൃശൂരിൽ സംഘ പരിവാറിന് നട തുറന്ന് കൊടുത്തു'; കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്‌


അതേസമയം, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ന് വൈകുന്നേരം 4ന് എന്‍ഡിഎ സഖ്യം യോഗം ചേരും. ഇതിനായി മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിയിലേയ്ക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ജെഡിയു നേതാവ് നിതീഷ് കുമാര്‍, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 


നേരത്തെ, ജൂണ്‍ 9ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്ത്യ സഖ്യം ടിഡിപിയെയും ജെഡിയുവിനെയും സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തിയേക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങ് ഒരു ദിവസം മുമ്പേ നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇതിനിടെ, സഖ്യകക്ഷികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപിയെ അറിയിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജെഡിയു 3 കാബിനറ്റ് സീറ്റുകളും ഏകനാഥ് ഷിന്‍ഡെ ശിവസേന വിഭാഗം ഒരു കാബിനറ്റ് സീറ്റും രണ്ട് സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എച്ച്എഎം (എസ്) നേതാവ് ജിതം റാം മാഞ്ചി പുതിയ സര്‍ക്കാരില്‍ കാബിനറ്റ് പദവി വേണമെന്ന് അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുക, എൻഡിഎ 400 സീറ്റുകൾ സ്വന്തമാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാൻ ബിജെപിയ്ക്ക് സാധിച്ചില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിയെ വിറപ്പിച്ച ഇന്ത്യ സഖ്യം മോദി പ്രഭാവത്തെ അക്ഷരാർത്ഥത്തിൽ തടയുന്ന കാഴ്ചയാണ് കാണാനായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.