Encounter: ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു
Encounter: ജുനൈദ് ഷിർഗോജ്‌രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക്ക് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചതെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വിജയ് കുമാർ പറഞ്ഞു.
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ പ്രാദേശിക പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ജുനൈദ് ഷിർഗോജ്‌രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക്ക് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചതെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വിജയ് കുമാർ പറഞ്ഞു.
"കൊല്ലപ്പെട്ട ഭീകരർ പ്രദേശവാസികളാണ്, തീവ്രവാദ സംഘടനയായ ലഷ്‌കർഇ-ത്വയ്ബയുമായി ബന്ധമുണ്ട്. കൊല്ലപ്പെട്ട മൂന്ന് പേരെയും തിരിച്ചറിഞ്ഞു. മെയ് 13ന് പോലീസ് ഉദ്യോഗസ്ഥനായ റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഭീകരനാണ് ജുനൈദ് ഷിർഗോജ്‌രി. ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരർ. ഇവരിൽ നിന്ന് രണ്ട് എകെ 47 റൈഫിളുകളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു,”വിജയ് കുമാർ വ്യക്തമാക്കി. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം 6.55 ന് ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ദ്രബ്ഗാം ഗ്രാമത്തിൽ ആരംഭിച്ച ഓപ്പറേഷൻ 11 മണിക്കൂർ നീണ്ടു. ജമ്മു കശ്മീർ പോലീസ്, സൈന്യത്തിന്റെ 44 ആർആർ, 12 സെക്ടർ ആർആർ, സി.ആർ.പി.എഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ദ്രാബ്ഗാം ഗ്രാമത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ദക്ഷിണ കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇയാളിൽ നിന്ന് ഗ്രനേഡുകളും തോക്കുകളും കണ്ടെടുത്തിരുന്നു. ഈ വർഷം ഇതുവരെ അറുപതോളം ഏറ്റമുട്ടലാണ് ജമ്മു കശ്മീരിലുണ്ടായത്. 28 പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 95 ഭീകരരെ സൈന്യം വധിച്ചു. ഈ വർഷം കശ്മീരിൽ 17 സാധാരണക്കാരും 16 സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...