ഭോപ്പാല്‍: ചീറ്റകളുടെ സംരക്ഷിത മേഖലയായ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രവേശിച്ച് രണ്‍ഥംബോര്‍ റിസര്‍വില്‍നിന്നുളള കടുവ. ടി 136 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ചീറ്റകളുള്ള മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 2022 നവംബര്‍ മുതല്‍  ഷിയോപുര്‍ ജില്ലയിലുള്ള ചമ്പല്‍ നദിക്കര തന്റെ അധീനപ്രദേശമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു കടുവ. എട്ടു വര്‍ഷത്തിന്റെ കാലയളവില്‍ രണ്‍ഥംബോറില്‍ നിന്നുള്ള ആറ് കടുവകളാണ് ഇത്തരത്തില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രവേശിച്ചിട്ടള്ളത്. എന്നാല്‍ ഇത് വരെ ഇങ്ങനെ പ്രവേശിച്ച കടുവകളൊന്നും അവരുടെ അധീനപ്രദേശമായി കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തിട്ടില്ല. ദേശീയോദ്യാനത്തില്‍ ചീറ്റകള്‍ക്ക് പുറമേ പുള്ളിപ്പുലികളുമുണ്ട്. കുനോയില്‍ നിലവില്‍ 50 പുള്ളിപ്പുലികളാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കടുവ പ്രവേശിച്ചിട്ടുണ്ട് എന്നത്  പെട്രോളിങ് സംഘവും സ്ഥിതീകരിച്ചിട്ടുണ്ട്. വനം വകുപ്പിലെ അധികൃതര്‍ ഉദ്യാനത്തിലുള്ള മൂന്ന് ചീറ്റകളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല മേഖലയിലേക്ക് പ്രവേശിച്ച കടുവ ചീറ്റകളുടെ മേഖല അതിക്രമിക്കുമോ എന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഈ കടുവ കഴിഞ്ഞ വര്‍ഷം നവംബറില്‍ മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ജൗറ ടെഹ്സില്ലില്‍ വെച്ച് രണ്ടു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇതിനെ രാജസ്ഥാനിലെ കൈലാദേവി വന്യജീവി സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ കടുവയെ പൊഹാരി ഗ്രാമത്തിലും കണ്ടെത്തി. ചീറ്റകളുള്ളതിന് 25 കിലോ മീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ജെ.എസ്. ചൗഹാനും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 


ALSO READ: കോൺഗ്രസ് പ്രകടന പത്രികയുടെ പകർപ്പുകൾ കത്തിച്ച് ബജ്‌റംഗ് ദൾ, കര്‍ണാടകയില്‍ കനത്ത പ്രതിഷേധം


'നിലവില്‍ കടുവ ഏത് പ്രദേശത്താണ് ഉള്ളതെന്ന് സ്ഥിതീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ചീറ്റകള്‍ സുരക്ഷിതരാണ്. അവര്‍ ഞങ്ങളുടെ നിരീക്ഷണ വലയത്തില്‍ തന്നെയുണ്ട്. ഇത് ആദ്യമായല്ല രന്തംബോറില്‍നിന്നു കടുവകളെത്തുന്നത് . ചീറ്റകളും കടുവകളും നേര്‍ക്കുനേര്‍ വരാന്‍ സാധ്യത കുറവാണെന്നും,   അവയ്ക്ക് ആപത്തുകള്‍ ഒന്നും സംഭവിക്കില്ലെന്നും'  കുനോ ദേശീയോദ്യാനത്തിലെ ഫീല്‍ഡ് ഡയറക്ടറായ ഉത്തം ശര്‍മ കൂട്ടിച്ചേര്‍ത്തു. ഒബന്‍ എന്ന് പേരുള്ള ഒരു ആണ്‍ ചീറ്റ കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തില്‍ കടുവകളുള്ള മാധവ് നാഷണല്‍ പാര്‍ക്കിലെ അതിര്‍ത്തി കടന്ന് എത്തിയിരുന്നു.എന്നാല്‍ ആപത്ത് മനസ്സിലാക്കിയ ഒബന്‍ തിരികെ പോവുകയായിരുന്നു. മാര്‍ജാര കുടുംബത്തില്‍പെടുന്ന മറ്റു മൃഗങ്ങളില്‍ നിന്നും സ്വയം സുരക്ഷനേടാന്‍ ചീറ്റകള്‍ക്ക് കഴിവുണ്ടെന്നും. അതിന് വേണ്ട മാര്‍ഗങ്ങള്‍ അവര്‍ തന്നെ സ്വീകരിക്കുമെന്നും  വനം വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.


ചീറ്റകളെത്തിയ നമീബിയയിലോ ദക്ഷിണാഫ്രിക്കയിലോ കടുവകളുടെ സാന്നിധ്യമില്ല. ഇട തൂര്‍ന്ന വനപ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കുക കടുവകളാണെന്നും പറയപ്പെടുന്നു. വംശം നശിച്ചതിനെത്തുടര്‍ന്ന് 70 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രാജ്യത്ത് ചീറ്റകള്‍ വീണ്ടുമെത്തുന്നത്. നാഷണല്‍ ചീറ്റ ട്രാന്‍സ്ലൊക്കേഷന്‍ പ്രൊജക്ട് എന്നൊരു പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. രാജ്യത്ത് വനമേഖലയില്‍ ചീറ്റയുടെ സാന്നിധ്യം അവസാനമായി സ്ഥിതീകരിച്ചത് 1947ലാണ്. തുടര്‍ന്ന് 1952 ഓടെ രാജ്യത്ത് ചീറ്റകള്‍ നാമാമവശേഷമായെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ബാച്ചുകളായി രാജ്യത്തേക്ക് ചീറ്റകളെ കൊണ്ടു വരികയായിരുന്നു. ആദ്യബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തി.


സാഷ, ഉദയ് എന്നിങ്ങനെ പേരുള്ള രണ്ടു ചീറ്റകള്‍ അസുഖബാധയെത്തുടര്‍ന്ന് ചത്തിരുന്നു. അതേസമയം രാജ്യത്ത് കടുവകളുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നതായിട്ടാണ് ടൈഗര്‍ സെന്‍സസിന്റെ ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് 3,167 കടുവകളുണ്ടെന്നാണ് 2022-ലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കടുവകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന പ്രൊജ്ക്ട് ടൈഗര്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന സവിശേഷത കൂടി 2022-നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.7 ശതമാനം വര്‍ധനവാണ് കടുവകളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. 2018-ല്‍ രാജ്യത്ത് 2,967 കടുവകളാണുണ്ടായിരുന്നത്. പ്രൊജ്ക്ട് ടൈഗര്‍ അതിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയന്‍സ് എന്ന പേരില്‍ ഒരു പദ്ധതികൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.