ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്ഥാനത്ത്  ആചാരമായി ചെയ്തു വരുന്ന മുടിവെട്ടു കര്‍മ്മത്തിന് തീര്‍ഥാടകരുടെ കയ്യില്‍ നിന്നും പണം വാങ്ങിയ മുടിവെട്ട് ജീവനക്കാരെ പിരിച്ചുവിട്ടു. ഇവര്‍ പണം ആവശ്യപ്പെടുന്നു എന്ന് കാണിച്ച് നിരവധി പരാതികളാണ് ക്ഷേത്ര അധികാരികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് മൂന്നു ദിനം മുന്‍പേ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുമല ക്ഷേത്രത്തില്‍ മൊത്തം 943 തൊഴിലാളികളാണ് മുടിവെട്ട് ജീവനക്കാരായി ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും കരാര്‍ തൊഴിലാളികളാണ്. നേര്‍ച്ച എന്ന നിലയില്‍ സൗജന്യമായി ചെയ്യേണ്ട മുടിവെട്ടലിന് പത്ത് രൂപ മുതല്‍ 50 രൂപ വരെ തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നു എന്നായിരുന്നു പരാതി. 


നടപടിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഇവരുടെ ജീവിതമാര്‍ഗ്ഗമാണ്‌ ഇതോടെ ഇല്ലാതായിരിക്കുന്നതെന്നും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവാദം നല്‍കണം എന്നും ആവശ്യം ഉന്നയിച്ചാണ് ഇവര്‍ പ്രകടനം നടത്തിയത്. പണം ആവശ്യപ്പെട്ടിട്ടല്ല, തീര്‍ഥാടകര്‍ തരുന്നതാണ് എന്നാണ് ഇവര്‍ പറയുന്നത്.