മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൂടെ? കൊടിക്കുന്നില്‍ സുരേഷിന് സോണിയയുടെ ശകാരം!!
17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തിന്‍റെ മുന്നോടിയായി ആദ്യ രണ്ടു ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.
ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തിന്‍റെ മുന്നോടിയായി ആദ്യ രണ്ടു ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.
പ്രോടേം സ്പീക്കറാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
ആദ്യം പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചൊല്ലിയതിന് ശേഷം രണ്ടാമനായി സത്യപ്രതിജ്ഞ ചൊല്ലിയത് കേരളത്തില്‍നിന്നുള്ള എംപി കൊടിക്കുന്നില്‍ സുരേഷ് ആണ്. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് മലയാളത്തിലുമല്ല, ഇംഗ്ലിഷിലുമല്ല സത്യപ്രതിജ്ഞ ചെയ്തത്, മറിച്ച് രാഷ്ട്ര ഭാഷയായ ഹിന്ദിയിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു കേരളത്തില്‍ നിന്നുള്ള എം പി കൊടിക്കുന്നില്‍ സുരേഷിന്‍റെ സത്യപ്രതിജ്ഞ!! ലോക് സഭയില്‍ നിറഞ്ഞ കയ്യടിയാണ് ഇതിന് ലഭിച്ചത്. 17-ാം ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന എം.പിമാരില്‍ ഒരാളാണ് മാവേലിക്കരക്കാരുടെ പ്രതിനിധി.
എന്നാല്‍, മലയാളിയായിട്ടും മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി സോണിയ ഗാന്ധി ശകാരിച്ചു. കൂടാതെ, എന്തുകൊണ്ടാണ് ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതെന്ന സോണിയയുടെ ചോദ്യത്തിന് കൊടിക്കുന്നിൽ നൽകിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയുമില്ല.
പിന്നാലെ സത്യപ്രതിജ്ഞ ചൊല്ലിയ ബിജു ജനതാദളിലെ ഭർതുഹരി മെഹ്താബ് ഒഡിയയിൽ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയ സോണിയ 'ചെയ്തത് ശരിയായില്ലെന്ന്' തീർത്ത് പറഞ്ഞു. തുടർന്ന് രണ്ടാം നിരയിൽ ഇരിക്കുകയായിരുന്ന
രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവര്‍ക്ക് നേരെ തിരിഞ്ഞ് മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് സോണിയ നിർദേശിക്കുകയും ചെയ്തു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എംപിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്.