ഗോരഖ്പുർ: രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പുർ ദുരന്തം പിന്നിട്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ 42 കുട്ടികള്‍ കൂടി മരണമടഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ഇത്രയും കുഞ്ഞുങ്ങളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മസ്തിഷ്ക ജ്വരത്താല്‍ ഏഴ് കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നും, ബാക്കിയുള്ളവര്‍ മറ്റു ചില കാരണത്താലുമാണ് മരിച്ചതെന്ന്‍ ബി.ആർ.ഡി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ പി.കെ സിങ് പറഞ്ഞു.


ആഗസ്ത് ഒന്നു മുതൽ ആഗസ്ത് 28 വരെയുള്ള കാലയളവില്‍ ഇവിടെ 290 കുട്ടികൾ മരണമടഞ്ഞിട്ടുണ്ട്. ഇതില്‍ എഴുപത്തിയേഴോളം കുട്ടികള്‍ അക്യുട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ബാധിച്ചാണ് മരിച്ചത്.


ആഗസ്ത് 27നും 28നും ഇടയിലുള്ള ദിവസങ്ങളില്‍ മാത്രം 36 കുട്ടികള്‍ മരിച്ചു. അതില്‍ ഏഴ് കുട്ടികൾ മസ്തിഷ്ക ജ്വരത്താലും, പതിനഞ്ച് കുട്ടികള്‍ നവജാത ശിശു വാർഡിലെ എൻ.ഐ.സി.യുവിലും 14 കുട്ടികൾ വിവിധ അസുഖങ്ങളാലും മരിച്ചതായി ഡോക്ടർ പറഞ്ഞു.


ഈ വര്‍ഷം ജനുവരി മുതൽ ബി.ആർ.ഡി മെഡിക്കൽ കോളേജില്‍ 1250 കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. അതില്‍ 175 മരണങ്ങളും മസ്തിഷ്ക ജ്വരം മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 


കുട്ടികളുടെ മരണത്തില്‍ ഗുരുതര വീഴ്ച ആശുപത്രി അധികൃതരില്‍ നിന്നുണ്ടായതിനെത്തുടര്‍ന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ബി.ആർ.ഡി. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു.