ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ഇന്ന് വീണ്ടും അവതരിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ബില്‍ അവതരിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷ ബഹളത്തില്‍ അവസാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് മുത്തലാഖ് ബില്‍ ഏത് വിധേനയും അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് കഴിഞ്ഞ ദിവസം ബഹളത്തിനിടയാക്കിയത്. 


ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയം സ്പീക്കറും പരിഗണിച്ചില്ല. ഇന്ന് ബില്‍ വീണ്ടും സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷം നിലപാട് ആവര്‍ത്തിക്കുമെന്നാണ് സൂചന. സെലക്ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയം വോട്ടിനിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഈ വിഷയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണ് എന്നതാണ് വസ്തുത. എന്നാല്‍, ലോക്‌സഭയില്‍ മുത്തലാഖ് ബില്ലില്‍ ചര്‍ച്ച നടന്നു കഴിഞ്ഞു. ഇനി എന്തിനാണ് സെലക്ട് കമ്മിറ്റിക്കു പോകുന്നത് എന്നാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ ചോദിക്കുന്നത്.


അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്നും ബില്ലിന്‍റെ ചര്‍ച്ച നടക്കാനിടയില്ല. ബില്ല് വോട്ടിനിട്ട് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന പ്രചരണം നടത്താം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് മനസ്സിലാക്കിയാണ് ബില്ലിന്മേലുള്ള വോട്ടെടുപ്പിന് പകരം സെലക്ട് കമ്മിറ്റി പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.


ഒറ്റയടിക്ക് വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്‌.  


കൂടാതെ, റാഫേല്‍ വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കിയേക്കും. റാഫേല്‍  വിഷയത്തില്‍ ജെപിസി അന്വേഷണമെന്ന ആവശ്യം ആവര്‍ത്തിച്ചപ്പോഴാണ് എല്ലാ ചര്‍ച്ചക്കും സന്നദ്ധമാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചത്. സ്പീക്കര്‍ തന്നെ സമയം നിശ്ചയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
ഇന്ന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ ചൂടേറിയ ചര്‍ച്ച തന്നെ ഇക്കാര്യത്തില്‍ നടക്കും. റാഫേലില്‍ സി എ ജി റിപ്പോര്‍ട്ടുണ്ടെന്ന് സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു.