ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ വന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിയനുസരിച്ച് നിയമം തെറ്റിക്കുന്നവര്‍ക്ക് ഇപ്പോള്‍ കനത്ത പിഴയാണ് ഈടാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതലായുള്ള പിഴ എന്ന് പറയുന്നത് രണ്ടു ലക്ഷം രൂപയാണ്. കേള്‍ക്കുമ്പോള്‍ ഞെട്ടിപോകുമെങ്കിലും സത്യമാണ്.


സംഭവം ഡല്‍ഹിയിലാണ് നടന്നത്. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമായാണ് ഇത്രയും പിഴയെന്നാണ് റിപ്പോര്‍ട്ട്.  



ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കിനാണ് ബുധനാഴ്ച ജി.ടി.കര്‍ണല്‍ റോഡില്‍വെച്ച് ഇത്രയും പിഴ ചുമത്തിയത്. ഈ നിയമം വന്നതിനുശേഷം ഇതാദ്യമായാണ് ഇത്രയും തുക ഒരു വാഹനത്തിന് ചുമത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.മാത്രമല്ല ട്രക്ക് ഉടമ പിഴ തുക പൂര്‍ണമായും നല്‍കിയെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 


ഈ നിയമപരിഷ്ക്കരണത്തിനെതിരെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്രയും തുക ഒരു വാഹനത്തിനെതിരെ ചുമത്തിയത്.


പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്നതിന് ശേഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാനില്‍ 1,41,700 രൂപയും ഒഡീഷയില്‍ 80,000 രൂപയും വരെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിരുന്നു.



ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അമിത പിഴ ചുമത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെതന്നെ കേരളവും മധ്യപ്രദേശും ഇത്രയും ഉയര്‍ന്ന പിഴ ചുമത്തില്ലെന്ന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. 


പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി ചര്‍ച്ച നടത്തുമെന്നാണ് സൂചന.