ന്യൂഡൽഹി: ആഗ്ര റെയിൽവേ സ്റ്റേഷനു സമീപം ഇരട്ട സ്ഫോടനം. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. ആഗ്രയിലെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ ചവറ് കൂനയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. ചവറുകൂന വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വന്‍ ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോര്‍ട്ട്.


ആദ്യ സ്ഫോടനം കഴിഞ്ഞ് നിമിഷങ്ങള്‍ കഴിഞ്ഞതോടെ സ്റ്റേഷന്റെ പിന്‍‌ഭാഗത്ത് നിന്നും രണ്ടാമത്തെ സ്ഫോടനവും ഉണ്ടായി. ഐ‌എസ് ഭീകരര്‍ താജ്‌മഹല്‍ ആക്രമിക്കുമെന്ന സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് താജ്‌മഹലിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ആഗ്രയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടസ്ഫോടനം ഉണ്ടായത്.