#UnionBudget2018: വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വന്‍ പദ്ധതികള്‍
ന്യൂഡല്‍ഹി: വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാം നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഫെലോഷിപ്പ് നല്‍കാനും ബജറ്റില്‍ തീരുമാനം. മാത്രമല്ല, ആര്‍ക്കിടെക്ചര്‍ മേഖലയില്‍ രാജ്യത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പുതിയ ആര്‍ക്കിടെക്ചര്‍ കോളേജുകള്‍ സ്ഥാപിക്കുമെന്നും. പ്രധാനമന്ത്രിയുടെ റിസര്‍ച്ച് സ്കീമിനു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട ബിടെക്, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ഐഐടിയില്‍ പരിശീലനം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. മാത്രമല്ല വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി റൈസ് പദ്ധതിയുടെ ഭാഗമായി ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
ആരോഗ്യ രംഗത്തിനായും വന്‍ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ പിന്നോക്കാരായ 10 കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ഫാമിലി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് 50 കോടിയോളം പൗരന്‍മാര്‍ക്ക് പ്രയോജനം ആകുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സയ്ക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് നല്‍കുന്നതാണ് പുതിയ ഫ്ലാഗ്ഷിപ്പ് പദ്ധതി. ലോകത്ത് നടപ്പാക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണിതെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
പ്രാഥമികതല ചികിത്സയ്ക്കായി ഒന്നര ലക്ഷം ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും. ഇവിടെ ആവശ്യമായിട്ടുള്ള മരുന്നുകളും രോഗനിര്‍ണയവും സൗജന്യമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 1200 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നിലവിലുള്ള മെഡിക്കല്‍ കോളെജുകള്‍ നവീകരിക്കുന്നതോടൊപ്പം പുതുതായി 24 മെഡിക്കല്‍കോളേജുകള്‍ കൂടി സ്ഥാപിക്കും. എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.