ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവസാന ബജറ്റും അവതരിപ്പിച്ച് മോദി സര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരണം പൂര്‍ത്തിയായി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടക്കാല ബജറ്റായതിനാല്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം വേഗത്തില്‍ അവസാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ ബജറ്റില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള വികസന, ക്ഷേമ പദ്ധതികളും ഇടംപിടിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു എന്നതില്‍ സംശയമില്ല. 


ALSO READ: ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല


അടുത്ത അഞ്ച് വര്‍ഷം വികസന മുന്നേറ്റത്തിന്റേതാകുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി. അടുത്ത തലമുറ വികസന പദ്ധതികളിലേയ്ക്ക് സര്‍ക്കാര്‍ കടന്നു കഴിഞ്ഞു. ആകാശം മാത്രമാണ് ഇതിനുള്ള പരിധിയായി കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ജി20 ഉച്ചകോടി വഴി ഇന്ത്യ ഒരു പുതിയ ലോകക്രമത്തിന് തന്നെ തുടക്കമിട്ടു. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം നല്‍കിയത് ചരിത്രപരമാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 


കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും 2 കോടി വീടുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്താകെ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍, കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുക, ഒരു കോടി വീടുകളില്‍ കൂടി സോളാര്‍, ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ പദ്ധതികള്‍, വിപുലമായ മത്സ്യസമ്പദ് പദ്ധതി തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി. 


അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കെ 'ഇന്ത്യ' മുന്നണിയെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. ബിഹാറില്‍ മഹാസഖ്യം വിട്ട് നിതീഷ് കുമാര്‍ എന്‍ഡിഎയിലേയ്ക്ക് ചേക്കേറിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്ത്യ മുന്നണിയിലെ മറ്റൊരു നേതാവായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അറസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായിട്ട് ഒരു വര്‍ഷമാകുകയാണ്. 


ഇതിനിടെ, പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അനവസരത്തിലായിപ്പോയെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളില്‍ പോലുമുണ്ട്. എതിരാളികളെ ഓരോരുത്തരെയായി ബിജെപി 'ഒതുക്കുമ്പോള്‍' രാഹുല്‍ ഗാന്ധി യാത്രയിലാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ യാത്ര നിര്‍ത്തിവെയ്‌ക്കേണ്ടി വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.