ന്യൂഡല്‍ഹി:  കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ തന്നെയുണ്ടാവുമെന്ന് സൂചന....   കേന്ദ്ര മന്ത്രിസഭയിലെ പല പ്രധാന മുഖങ്ങളും മാറുമെന്നും സൂചന....!!


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടക്കുമ്പോള്‍ റെയില്‍വെ, ധനകാര്യ മന്ത്രിമാര്‍ മാറുമെന്നാണ് അഭ്യൂഹങ്ങള്‍...  പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി പകരം വിദഗ്ധരെ നിയമിക്കാനാണ്  നരേന്ദ്ര മോദി സർക്കാർ പദ്ധതിയിടുന്നത് . അതിന് കാരണ൦  വിദേശകാര്യ മന്ത്രിയെന്ന നിലയില്‍  എസ് ജയശങ്കര്‍ കാഴ്ച വയ്ക്കുന്ന മികച്ച പ്രകടനം തന്നെ.   വിദേശകാര്യ സെക്രട്ടറിയായി  അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രവൃത്തിപരിചയം  വിദേശ രാജ്യങ്ങളുമായുള്ള  ഇടപെടലുകള്‍ക്ക്  രാജ്യത്തിന്‌  ഏറെ സഹായമാവുന്നുണ്ട്.


ഈ വസ്തുത മുന്നില്‍ക്കണ്ടുകൊണ്ടാണ്  പ്രധാനപ്പെട്ട  വകുപ്പുകളില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ  ഒഴിവാക്കി പകരം വിദഗ്ധരെ നിയമിക്കാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്.  


കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്‍പ് നിലവിലുള്ള മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുമെന്നും, ശേഷം മാത്രമേ തീരുമാനമുണ്ടാകൂവെന്നും  ഭരണമികവ് തെളിയിക്കാത്ത മന്ത്രിമാര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുമെന്നും സൂചനകള്‍  പുറത്തുവരുന്നുണ്ട്. മന്ത്രിസഭയിൽ കാര്യശേഷിയില്ലാത്തവർ  ഉൾപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് അഴിച്ചു പണി. ഓഗസ്റ്റില്‍ മന്ത്രിസഭ   പുനസംഘടനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 


കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ  ദിവസം ആർഎസ്എസ് നേതാക്കളും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാൽ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍   ജെ പി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.


പുറത്ത് പോകുന്നവരില്‍ പ്രമുഖര്‍ ധന മന്ത്രിയും റെയില്‍വെ മന്ത്രിയു൦ ഉള്‍പ്പെടുമെന്നും സൂചനകള്‍ ഉണ്ട്.  ധനമന്ത്രി നിർമ്മല സീതാരാമനെ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ തന്നെ അനിവാര്യമാണ് എന്ന വിലയിരുത്തലാണ് ഇതിനുപിന്നില്‍.
  
2019 ന്‍റെ  ആദ്യ പാദത്തിൽ തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. കോവിഡ് കൂടി പൊട്ടി പുറപ്പെട്ടതോടെ  സാമ്പത്തിക രംഗം  തകർച്ചയിലാണ്. രാജ്യത്തെ സാമ്പത്തിക രംഗത്തെ കൈപിടിച്ച് ഉയർത്താൻ വിദഗ്ദരെ തന്നെ നിയമിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.


സാമ്പത്തിക വിദഗ്ദൻ നേരത്തേ ബ്രിക്സ് ബാങ്ക് ചെയർമാൻ കെ വി കാമത്തിന്‍റെ  പേരായിരുന്നു മന്ത്രിസ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നത്. അദ്ദേഹം കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ കർണാടകയിൽ നിന്ന് മറ്റ് രണ്ട് പേർ രാജ്യസഭയിലേക്ക് എത്തിയതോടെ അഭ്യൂഹങ്ങൾ അവസാനിച്ചു. സാമ്പത്തികകാര്യ വിദഗ്ദനായ നന്ദൻ നിലേകാനി, മോഹൻദാസ് പൈ എന്നിവരുടെ പേരും ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. 


കൂടാതെ, അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു൦ ബിജെപിയില്‍  എത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മന്ത്രിപദവി നല്‍കേണ്ടിയിരിക്കുന്നു.   സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തായിരുന്നു പാര്‍ട്ടിയിലേയ്ക്ക് വരവേറ്റത്. രാജ്യസഭയിലേക്ക് അദ്ദേഹം വിജയിച്ചതോടെ കേന്ദ്ര മന്ത്രി പദത്തിനായി സിന്ധ്യ അനുകൂലികൾ ആവശ്യം ഉയര്‍ത്തിത്തുടങ്ങി.


കൂടാതെ, മറ്റ്  പാര്‍ട്ടികളില്‍ നിന്നും എത്തിയവ നേതാക്കള്‍ വേറെയുമുണ്ട്.  ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിൽ എത്തിയ മുകുൾ റോയിക്കും മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കും. അസമിലെ  മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ വടക്ക് കിഴക്കൻ മേഖലയിൽ ബിജെപിയുടെ പ്രധാന മുഖമായ ഹിമന്ത്  ബിശ്വാസ് ശർമ്മയേയും മന്ത്രി സ്ഥാനത്തേയ്ക്ക്  പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.


വരാനിരിക്കുന്ന 5 നിയമസഭ തിരഞ്ഞെടുപ്പുകൾ കൂടി  ലക്ഷ്യം വെച്ചുള്ളതാകും പുതിയ നിയമനങ്ങൾ. അതായത് കേരളം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും  പരിഗണന ലഭിക്കുമെന്നാണ്  സൂചന.