ഉന്നാവോ കേസ്: പെണ്‍കുട്ടിയുടേയും അഭിഭാഷകന്റേയും ചികിത്സ എയിംസില്‍
വാഹനാപകടത്തില്‍ പരിക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഉന്നാവോ കേസിലെ പരാതിക്കാരി പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹി എയിംസില്‍ എത്തിച്ചു.
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഉന്നാവോ കേസിലെ പരാതിക്കാരി പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹി എയിംസില്‍ എത്തിച്ചു.
ഇരുവര്‍ക്കും ഡല്‍ഹി എയിംസില്‍ വൈദ്യസഹായം തുടരുകയാണ്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടിയേയും അഭിഭാഷകനേയും എയർ ആംബുലൻസ് മാര്‍ഗം ഡല്‍ഹി എയിംസിലെത്തിച്ചത്.
ഉന്നാവോ കേസില്‍ തുടക്കം മുതല്‍ നിലപാട് കര്‍ശനമാക്കിയിരിക്കുന്ന സുപ്രീംകോടതി, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെയും അഭിഭാഷകനേയും ന്യൂഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാന്‍ തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്.
ഈ മാസം 1ന് കേസ് പരിഗണിച്ച സുപ്രീംകോടതി, പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും മികച്ച വൈദ്യസഹായം ഉറപ്പു നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി അനേഷിച്ച കോടതി എയിംസില്‍ ചികിത്സാ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞിരുന്നു.
മുന്‍പ്, പെണ്‍കുട്ടിയുടെ ആരോഗ്യനില വിലയിരുത്തിയ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘ൦, മെച്ചപ്പെട്ട ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റുന്നത് പ്രായോഗികമല്ലെന്നായിരുന്നു അഭിപ്രായപ്പെട്ടത്. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നത്.ഇക്കാരണത്താല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റുവാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
അതുകൂടാതെ, പെണ്‍കുട്ടിയുടെ അമ്മ, പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഈ വിഷയത്തില്‍ ഒരു തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ പിന്നീട്, അവര്‍ തന്‍റെ തീരുമാനം കോടതിയെ അറിയിക്കുകയും സുപ്രീംകോടതി ഉത്തരവിടുകയുമായിരുന്നു. മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഇരുവരെയും എയര്‍ ആംബുലന്‍സിന്‍റെ സഹായത്തോടെ ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.
ഉന്നാവോ കേസ് നിരീക്ഷിച്ച കോടതി 45 ദിവസത്തിനകം പീഡന കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. കൂടാതെ, അപകടം അന്വേഷിക്കാന്‍ വെറും 7 ദിവസം മാത്രമാണ് സിബിഐയ്ക്ക് നല്‍കിയിരിക്കുന്നത്.
അതേസമയം, ഉന്നാവോ പീഡനക്കേസ് പ്രതി എംഎൽഎ കുൽദീപ് സെന്‍ഗറിനെ തീഹാർ ജയിലിലേക്ക് മാറ്റുവാൻ ഡല്‍ഹി തിസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശിലെ സീതാപൂർ ജയിലിലാണ് നിലവിൽ കുൽദീപ് സെംഗാറിനെ പാർപ്പിച്ചിട്ടുള്ളത്. വിചാരണ തീരും വരെ എംഎൽഎയെ തീഹാർ ജയിലിലായിരിക്കും പാർപ്പിക്കുക. കുൽദീപ് സിംഗ് സെംഗറിന്‍റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാർ ജയിലിലേക്ക് മാറ്റും.
ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിക്ക് ജൂലൈ 30നാണ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.