Coal shortage | ഊർജ്ജപ്രതിസന്ധിയില്ല; കൽക്കരിക്ഷാമം ഇല്ലെന്നും റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്നും കേന്ദ്ര ഊർജ്ജ മന്ത്രി
കൽക്കരി സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും യാതൊരു തടസ്സവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം (Coal shortage) മൂലം ഊർജ്ജപ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര ഊർജ്ജമന്ത്രി ആർകെ സിംഗ്. രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. കൽക്കരി സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും യാതൊരു തടസ്സവും ഇല്ലെന്നും മന്ത്രി (Union minister) വ്യക്തമാക്കി.
നാല് ദിവസത്തേക്കുള്ള കൽക്കരിയുടെ കരുതൽ ശേഖരം രാജ്യത്തുണ്ട്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടാകില്ലെന്നും ആർകെ സിംഗ് അറിയിച്ചു. കരാർ അവസാനിക്കുന്നതിനാൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) ഗ്യാസ് വിതരണം നിർത്തുന്നതിനെക്കുറിച്ച് ഡൽഹി ഡിസ്കോംസിന് ഒരു സന്ദേശം അയച്ചതിനെ തുടർന്നാണ് വൈദ്യുതി ക്ഷാമത്തിൽ പരിഭ്രാന്തി ആരംഭിച്ചതെന്ന് ആർ കെ സിംഗ് വിശദീകരിച്ചു.
രാജ്യത്തുടനീളമുള്ള വൈദ്യുത നിലയങ്ങളിലേക്ക് ആവശ്യമായ അളവിൽ ഗ്യാസ് വിതരണം ചെയ്യുന്നത് തുടരാൻ ഗെയിൽ സിഎംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണം തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി. വൈദ്യുതി തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഉപഭോക്താക്കൾക്ക് സന്ദേശമയച്ചതിനെക്കുറിച്ച് ടാറ്റ വൈദ്യുതിക്ക് താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൽക്കരി ക്ഷാമത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ കോൺഗ്രസ് പാർട്ടിക്ക് ആശയങ്ങൾ ഇല്ലാതായതിനാലാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലുടനീളം വലിയ കൽക്കരി ക്ഷാമമാണ് നേരിടുന്നതെന്നാണ് റിപ്പോർട്ട്. ഇത് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം.
വൈദ്യുതി ഉൽപാദനത്തിനായി കൽക്കരി ഉപയോഗിക്കുന്ന 135 തെർമൽ പ്ലാന്റുകളിൽ 106 എണ്ണം അഥവാ 80 ശതമാനവും ഒക്ടോബർ അഞ്ച് മുതൽ വളരെ രൂക്ഷമായ കൽക്കരി ക്ഷാമമാണ് നേരിടുന്നത്. അതായത് അടുത്ത 6-7 ദിവസത്തേക്ക് മാത്രമേ അവർക്ക് സ്റ്റോക്കുകൾ ഉള്ളൂ. അതേസമയം, കൽക്കരി ക്ഷാമം മൂലം രാജ്യ തലസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച പറഞ്ഞു. വൈദ്യുതി വിതരണം ചെയ്യുന്ന പ്ലാന്റുകളിലേക്ക് കൽക്കരിയും വാതകവും എത്രയും വേഗം എത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയതായും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...