ന്യൂഡല്‍ഹി: കശ്മീരിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്ന ഉറിയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ശക്തമായ തിരിച്ചടി നല്‍കാനോരുങ്ങി ഇന്ത്യ.ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മന്ത്രിമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു.  പ്രതിരോധമന്ത്രി മനോഹർ പരീഖർ, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, സേനാമേധാവി ദൽബീർ സിംഗ് സുഹാഗ്, എൻഎസ്എ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി സംയമനം പാലിക്കേണ്ടതില്ലെന്നും പാക് അധീനകശ്മീരിലെ ഭീകരക്യാംപുകള്‍  ലക്ഷ്യമിട്ട് സൈനികആക്രമണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.  യോഗ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണ്. കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടായേക്കും. 


അതേസമയം, പാക് പിന്തുണയോടെയാണ് ഉറിയില്‍ ഭീകരാക്രമണം നടത്തിയതെന്ന ഇന്ത്യയുടെ ആരോപണം പാക്കിസ്ഥാന്‍ തള്ളി. പാക്കിസ്ഥാന്‍റെ പ്രതികരണം ഇന്ത്യ വകവയ്ക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.


അതിനിടെ മൂന്നു സൈനികര്‍ കൂടി ഇന്ന് മരിച്ചെന്ന റിപ്പോര്‍ട്ട്‌ പ്രതിരോധസഹമന്ത്രി തിരുത്തി. മരിച്ച സൈനികരുടെ എണ്ണം 17 തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ചാവേര്‍ ഭീകരസംഘങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന് സൈന്യം സ്ഥിരീകരിച്ചു. മൂന്നു മുതല്‍ അഞ്ച് വരെ ഭീകരര്‍ വീതമുള്ള മൂന്ന് ചാവേര്‍ സംഘങ്ങളില്‍ ഒരുസംഘമാണ് ഉറിയില്‍ ആക്രമണം നടത്തിയത്. ഒരു സംഘം പൂഞ്ചിലേക്ക് കടന്നിട്ടുണ്ടെന്നും മൂന്നാമത്തെ സംഘം എവിടെയെത്തിയെന്ന് കണ്ടെത്താനായിട്ടില്ലെന്നും സൈന്യം സ്ഥിരീകരിക്കുന്നു.


പഠാന്‍കോട്ട്, ഉറി മാതൃകയില്‍ ആക്രമണം നടത്താന്‍ പരിശീലനം നേടിയ ഭീകരരാണ് കടന്നിട്ടുള്ളത്. തുടര്‍ന്ന് പൂഞ്ചിലും കശ്മീരിലെ തന്ത്രപ്രധാന സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയ ഇരുന്നൂറിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നതെന്നാണ് സൈന്യത്തിന്‍റെ നിഗമനം.


അതിനിടെ, ഇനി സംയമനം പാലിക്കേണ്ടെന്നാണ് മന്ത്രിമാരും ബി.ജെ.പി ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. ഭീകരര്‍ക്കായി പാക്കിസ്ഥാന്‍ നേരിട്ട് ഇടപെടുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ ആരോപണത്തോട് പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.