Varanasi Serial Blast: വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ
സങ്കടമോചൻ ക്ഷേത്രത്തിലും വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമാണ് സ്ഫോടനം നടന്നത്.
വാരണാസി സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ വിധിച്ചു. ഗാസിയാബാദ് കോടതിയാണ് വധശിക്ഷ വിധിച്ചത്. 2006 ലാണ് സ്ഫോടന പരമ്പര നടന്നത്. സങ്കടമോചൻ ക്ഷേത്രത്തിലും വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമാണ് സ്ഫോടനം നടന്നത്. കൂടാതെ ഗോഡൗലിയയിൽ നിന്ന് ഒരു ബോംബ് കണ്ടെത്തുകയും ചെയ്തിരുന്നു. കേസിൽ വലിയുല്ലാ ഖാൻ കുറ്റക്കാരനാണെന്ന് കോടതി ജൂൺ 4, ശനിയാഴ്ച വിധിച്ചിരുന്നു.
സ്ഫോടന പരമ്പരയിൽ 18 പേർ കൊല്ലപ്പെടുകയും, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആകെ രണ്ട് കേസുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. മൂന്നാമത്തെ കേസിൽ തെളിവുകളുടെ അഭാവം മൂലം പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
പ്രതിക്ക് ആദ്യ കേസിൽ വധശിക്ഷയും, രണ്ടാമത്തെ കേസിൽ ജീവപര്യന്തം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ കേസ് വധിക്കാൻ വാരണാസിയിലെ വക്കീലന്മാർ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസിന്റെ വാദം ഗാസിയാബാദ് കോടതിയിലേക്ക് മാറ്റിയത്. ആകെ മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ ഹാജരാക്കിയിരുന്നു.
ആരാണ് വലിയുല്ലാ ഖാൻ?
നിരവധി തീവ്രവാദ സംഘനകളുമായി ബന്ധമുള്ള ആളാണ് വലിയുല്ലാ ഖാൻ എന്നാണ് റിപ്പോർട്ടുകൾ. വലിയുല്ലാ ഖാനെതിരെ 6 കേസുകൾ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാരണാസി സ്ഫോടന പരമ്പരയിലെ മുഖ്യസൂത്രധാരനായിരുന്നു വലിയുല്ലാ ഖാൻ എന്നാണ് കരുതപ്പെടുന്നത്. പ്രയാഗ്‌രാജിലെ ഫുൽപൂർ സ്വദേശിയാണ് വലിയുല്ലാ ഖാൻ. സ്ഫോടന പരമ്പരയെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് വലിയുല്ലാ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...