പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ന്യൂഡൽഹി: വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, കേന്ദ്രമന്ത്രിമാർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. തുടർന്നു രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു രാജ്യസഭയിലെത്തി അധ്യക്ഷ സ്ഥാനമേറ്റെടുക്കും.
ഇന്നു മുതൽ രാജ്യസഭാ നടപടികൾ വെങ്കയ്യയുടെ അധ്യക്ഷതയിലാകും. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ആറ് മൗലാന ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റം 18നു ശേഷമാകും. തൽക്കാലം 30, ഡോ. എ.പി.ജെ.അബ്ദുൽ കലാം റോഡിലെ വസതിയിൽ വെങ്കയ്യ തുടരും.
സത്യപ്രതിജ്ഞക്ക് മുന്‍പായി ഗാന്ധിജിയുടെ സമാധിയായ രാജ്ഘട്ടിലും ദീന്‍ദയാല്‍ ഉപാധ്യായയുടെ സമാധി സ്ഥലത്തും അദ്ദേഹം പുഷ്പാര്‍ച്ച നടത്തിയിരുന്നു