ന്യൂഡല്‍ഹി: ജീവസുറ്റ പത്തു വര്‍ഷങ്ങള്‍ രാജ്യത്തിനു സമ്മാനിച്ചിട്ട് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഇന്നു വിരമിക്കുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പല കാരണങ്ങൾകൊണ്ടും ഡോ. ഹാമിദ് അൻസാരിയുടെ ഉപരാഷ്‌ട്രപതികാലത്തിനു രാജ്യത്തെ  പ്രഥമ ഉപരാഷ്‌ട്രപതിഡോ. സർവേപ്പള്ളി രാധാകൃഷ്‌ണന്‍റെ  കാലയളവുമായി സാമ്യം ഉണ്ട്. രണ്ടുപേരും രണ്ടുതവണ ഉപരാഷ്‌ട്രപതിമാരായിരുന്നു,  അതിനു മുൻപു രണ്ടുപേരും നയതന്ത്രജ്‌ഞരായിരുന്നു.  ഈ അനുഭവ പരിചയം വിദേശരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ സർക്കാരുകൾ പ്രയോജനപ്പെടുത്തി. 


ഏറ്റവും കൂടുതൽ കാലം ഉപരാഷ്‌ട്രപതി സ്ഥാനം വഹിച്ചതിന്‍റെ റെക്കോർഡാണ് മുഹമ്മദ് ഹാമിദ് അൻസാരി സ്വന്തമാക്കിയിരിക്കുന്നത്. 2007 ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത അൻസാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2012 ഓഗസ്റ്റ് 11ന് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി പദവിയിൽ മൊത്തം 3653 ദിവസം. രണ്ടു തവണ സ്ഥാനം വഹിച്ച പ്രഥമ ഉപരാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ (1952 മേയ് 13 – 1962 മേയ് 12) 3652 ദിവസമാണ് ഈ സ്ഥാനം വഹിച്ചത്. ഹാമിദ് അൻസാരിക്ക് മൂന്ന് അധിവർഷങ്ങളുടെ (2008, 2012, 2016) ആനുകൂല്യം ലഭിച്ചപ്പോൾ രാധാകൃഷ്‌ണന് ലഭിച്ചത് രണ്ടു (1956, 1960) മാത്രം. ഇരുവരുമല്ലാതെ  മറ്റാരും രണ്ടുതവണ ഉപരാഷ്‌ട്രപതി  സ്ഥാനം വഹിച്ചിട്ടില്ല.


മൂന്നു രാഷ്ട്രപതിമാരുടെ സമയത്ത് പദവിയില്‍ ഇരുന്ന ആദ്യ ഉപരാഷ്ട്രപതികൂടിയാണ് ഹാമിദ് അന്‍സാരി. അതായത്  പ്രതിഭ പാട്ടില്‍, പ്രണബ് മുഖര്‍ജീ, രാംനാഥ് കോവിന്ദ് എന്നിങ്ങനെ മൂന്നു രാഷ്ട്രപതിമാരുടെ കാലയളവില്‍  ഹാമിദ് അന്‍സാരി പദവിയിലായിരുന്നു.


രാജ്യത്തെ മുസ്‌ലിങ്ങള്‍ ഉത്കണ്ഠയും അരക്ഷിതാവസ്ഥയും നിറഞ്ഞ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സ്ഥാനമൊഴിയുന്നതിന് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചു.  രാജ്യംസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയെന്നത് പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.


രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹത്തിന്‍റെ മന്ത്രി സഭയിലെ മറ്റ്  അംഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഘര്‍ വാപ്പസിയും ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുകയാണ്. രാജ്യത്തെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യം കൂടിയാണ് അത് കാണിക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അവരില്‍ കൂടുതല്‍ ഭീതിയും അരക്ഷിത ബോധവും നിറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയിലാണ് ഈ അവസ്ഥ കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.