ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് പാര്‍ലമെന്റില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിയോടെ അവസാനിക്കും. ഏഴുമണിയോടെ വോട്ടെണ്ണലും തുടര്‍ന്ന് ഫലപ്രഖ്യാപനവുമുണ്ടാകും. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി, മുന്‍ ബംഗാള്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നത്. 


ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.  ആകെ 790 വോട്ടില്‍ അഞ്ഞൂറോളം വോട്ടാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ച ബിജെഡിയും ജനതാദള്‍ (യു)വും ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനൊപ്പമാണ്.  ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ഈ മാസം 10ന് അവസാനിക്കുകയാണ്.