ലണ്ടൻ: ലണ്ടനിൽ അറസ്റ്റിലായ വിജയ്‌ മല്ല്യയ്ക്ക് ജാമ്യം. അറസ്റ്റിലായി മൂന്ന് മണിക്കൂറിനകം മല്യക്ക് ജാമ്യം ലഭിച്ചു. സ്കോട്‌ലൻഡ് യാർഡ് ആണ് ഇന്നു രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ 17 ബാങ്കുകളിൽ നിന്നായി 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9400 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.


കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. 


മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യ സഭാംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. 


ബ്രിട്ടനിൽ കഴിയുന്ന മല്യയെ തിരികെ എത്തിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നൽകിയിരുന്നു.