ചെന്നൈ: ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. വിജയകാന്തിന്റെ വിയോ​ഗത്തോടെ തമിഴ്‌നാടിന് നഷ്ടമാകുന്നത് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിലൊരാളേയും മികച്ച രാഷ്ട്രീയ നേതാവിനേയുമാണ്. എൺപതുകളിലും തൊണ്ണൂറുകളിലും സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന ആളായിരുന്നു വിജയകാന്ത്. രജനികാന്തും കമൽ ഹാസനും സൂപ്പർതാര പദവി അലങ്കരിക്കുമ്പോൾ തന്നെ അവർക്കൊപ്പം സൂപ്പർ സ്റ്റാറായി നിന്ന നടൻ. തുടർച്ചയായി ബോക്‌സോഫീസിൽ സിനിമകൾ സൂപ്പർഹിറ്റായതോടെ വിജയകാന്തിനെ സൂപ്പർസ്റ്റാർ എന്നും ആരാധകർ വിളിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

1952 ഓഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരയിൽ ആണ് വിജയകാന്തിന്റെ ജനനം. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലെ വില്ലനായാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രം നായകൻ എന്ന നിലയിൽ വിജയകാന്തിന്റെ കരിയറിൽ വഴിത്തിരിവായി. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ ക്ഷുഭിത യൗവ്വനം എന്ന വിശേഷണവും വിജയകാന്തിന് ലഭിച്ചു. നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണവും ആരാധകർ അദ്ദേഹത്തിന് നൽകി. 


തന്റെ കരിയറിൽ തമിഴ് സിനിമകളിൽ മാത്രം അഭിനയിച്ച നടന്മാരിൽ ഒരാളാണ് വിജയകാന്ത്. എന്നാൽ അദ്ദേഹത്തിന്റെ സിനിമകൾ തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഓഫീസറായി ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രമായ ക്യാപ്റ്റൻ പ്രഭാകരന് (1991) ശേഷമാണ് 'ക്യാപ്റ്റൻ' എന്ന വിശേഷണം ലഭിക്കുന്നത്. തമിഴിൽ നടൻമാർ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പതിവ് വിജയകാന്തും ആവർത്തിച്ചു. 2005 സെപ്റ്റംബർ 14ന് അദ്ദേഹം ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 234 സീറ്റുകളിൽ മത്സരിച്ചു. എന്നാൽ വിജയകാന്തിന് മാത്രമാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് ജയിക്കാനായത്.


ALSO READ: പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു


2011ൽ എഐഎഡിഎംകെയുമായി ഡിഎംഡികെ സഖ്യമുണ്ടാക്കി. പിന്നീട് 40 സീറ്റിൽ മത്സരിച്ചു. ഇതിൽ 29 എണ്ണത്തിലും വിജയം നേടി. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായി. ഇതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തിയാകും അദ്ദേഹമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ പിന്നീട് രാഷ്ട്രീയത്തിൽ വലിയ രീതിയിൽ മുന്നോട്ട് വരാൻ സാധിച്ചില്ല. എങ്കിലും പാർട്ടി പ്രവർത്തനവുമായി അദ്ദേഹം മുന്നോട്ട് പോയി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ച 14 സീറ്റിലും ഡിഎംഡികെ പരാജയപ്പെട്ടു. ആരോ​ഗ്യം മോശമായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽനിന്ന് ഏറെക്കാലമായി അകന്നു നിൽക്കുകയായിരുന്നു. 2010ൽ പുറത്തിറങ്ങിയ വിരുദഗിരി എന്ന ചിത്രത്തിലാണ് അവസാനം അദ്ദേഹം നായകനായി എത്തിയത്. മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായ 2015ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയതാണ് അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.