പഞ്ച്കുല: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതിനു പിന്നാലെ  ഡൽഹിയിലും , ഹരിയാനയിലും, പഞ്ചാബിലും  നടന്ന   സംഘർഷത്തിൽ  ഇതുവരെ  32 പേർ മരണപ്പെട്ടു, ആയിരത്തിലധികം പേർക്ക്  പരുക്കേറ്റു. നൂറിലേറെ വാഹനങ്ങള്‍ കത്തിച്ചു.രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്നു വിധി വന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെ ഇയാളെ ജയിലിലേക്കു മാറ്റി. അക്രമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് വ്യോമമാര്‍ഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. 


കോടിക്കണക്കിന് രൂപയുടെ സ്വത്തുകള്‍ നശിപ്പിച്ച് ഗുര്‍മീത് അനുയായികള്‍ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തില്‍, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വത്തുക്കള്‍ വിറ്റ് നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ്. 
 
ഹരിയാനയിലെ പഞ്ച്കുലയിലാണ് ഏറ്റവുമധികം ആക്രമസംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. 
അക്രമസംഭവങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് തലസ്ഥാന നഗരിയിലും അനുബന്ധ [പ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ കേന്ദ്ര കാര്യാലയത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. 


അതേസമയം ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. പാളിച്ചകള്‍ അന്വേഷിക്കുമെന്നും എന്നും ആള്‍ക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചില വ്യക്തികളാണ് അക്രമത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.   


അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിനു മറുപടിയായി ഖട്ടര്‍ വ്യക്തമാക്കി. 


എന്നാല്‍ ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.