Ola Scooter: ബാറ്ററി ചാർജ് തീർന്നു, നടുറോഡിൽ ഇലക്ട്രിക് സ്കൂട്ടർ കത്തിച്ച് യുവാവ്
മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥൻ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
ചെന്നൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ നടുറോഡിൽ ഇലക്ട്രിക് സ്കൂട്ടറിന് യുവാവ് തീയിട്ട സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്കൂട്ടറിന്റെ ബാറ്ററി ചാർജ് തീർന്നതിനെ തുടർന്നുണ്ടായ പ്രകോപനത്തലാണ് യുവാവ് ഇ-ബൈക്ക് കത്തിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥൻ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
181 കിലോമീറ്റർ ഫുൾ ചാർജിൽ തങ്ങളുടെ സ്കൂട്ടർ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ 50 മുതൽ 60 കിലോമീറ്റർ ദൂരം ഓടിയ ശേഷം സ്കൂട്ടറിന്റെ ബാറ്ററി തീർന്നതിനെ തുടർന്നാണ് യുവാവ് കടുത്ത നടപടി സ്വീകരിച്ചത്. കൂടാതെ, സഹായം ആവശ്യപ്പെട്ടപ്പോൾ വൈകിട്ട് അഞ്ച് മണിക്ക് ശേഷം മാത്രമെ കമ്പനിക്ക് ആളെ അയയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും നിർമ്മാതാക്കൾ പറഞ്ഞുവെന്നും ആരോപണമുണ്ട്.
Also Read: ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടിത്തം, 1400ലധികം വാഹനങ്ങൾ തിരിച്ച് വിളിച്ച് ഒല
നടുറോഡിൽ സ്കൂട്ടർ നിന്ന് പോയതിനെ തുടർന്ന് ഇയാൾ കൂടെയുണ്ടായിരുന്ന ആളിനോട് രണ്ട് ലിറ്റർ പെട്രോൾ വാങ്ങാൻ ആവശ്യപ്പെടുകയും അത് സ്കൂട്ടറിൽ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പൃഥ്വിരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതിന്റെ ഫോട്ടോ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
“ഞാൻ വീഡിയോ പങ്കിട്ട് കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഒരു സർവീസ് എഞ്ചിനീയർ എന്നെ വിളിച്ച് മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുതെന്ന് എന്നോട് അഭ്യർത്ഥിക്കുകയും ഇ-ബൈക്ക് മാറ്റിസ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ബൈക്ക് കത്തിച്ചപ്പോൾ തന്നെ അവരുടെ കമ്പനിയുമായുള്ള എന്റെ ബന്ധം അവസാനിച്ചുവെന്ന് ഞാൻ അവരോട് തുറന്നു പറഞ്ഞു. എന്നാൽ രാത്രി തന്നെ പുതിയ വണ്ടി നൽകാമെന്നുമാണ അവർ പറഞ്ഞത്. ഈ വർഷം ജനുവരിയിൽ വാഹനം വാങ്ങിയതു മുതൽ ഇ-ബൈക്കിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഒല അവരുടെ 1441 വാഹനങ്ങൽ തിരിച്ചു വിളിച്ചിരുന്നു. സമാനമായ രീതിയിൽ ഒകിനാവയും പ്യുവർ ഇവിയും അടുത്തിടെ ഇതേ നടപടി സ്വീകരിച്ചിച്ചിരുന്നു. തിരിച്ചുവിളിച്ച യൂണിറ്റുകൾ തങ്ങളുടെ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ പരിശോധന നടത്തുമെന്നും ഒല വ്യക്തമാക്കിയിരുന്നു.
ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റ് വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. അതേസമയം PureEV ഏകദേശം 2,000 യൂണിറ്റുകളും തിരിച്ചുവിളിച്ചു. തീപിടിത്ത സംഭവങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരു പാനൽ രൂപീകരിച്ചിരുന്നു. കമ്പനികൾ അശ്രദ്ധ കാണിച്ചാൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ധന വില വർധനവിന്റെ സാഹചര്യത്തിൽ ഇ സ്കൂട്ടറുകളിലേക്ക് മാറുന്നവരുടെ എണ്ണം കൂടുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...