മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പനീര്‍സെല്‍വം രാജിവച്ചു; ശശികല അടുത്ത തമിഴ്നാട് മുഖ്യമന്ത്രി
മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ പോയസ് ഗാർഡനിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ പോയസ് ഗാർഡനിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്നും ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയാണെന്നും പനീര്‍സെല്‍വമാണ് എംഎല്‍എമാരുടെ യോഗത്തില്‍ അറിയിച്ചത്. അംഗങ്ങള്‍ ഇത് ഒറ്റക്കെട്ടായി കൈയടിച്ച് പാസാക്കി. താന്‍ രാജിവച്ചതായും ചിന്നമ്മ തമിഴ്‌നാടിനെ ഭരിക്കുമെന്ന് ട്വിറ്ററിലൂടെയും പനീര്‍സെല്‍വം അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ പനീര്‍സെല്‍വം ഗവര്‍ണര്‍ക്ക് രാജി കൈമാറും.
ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ തിരികെ നല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് തീരുമാനം. ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് പനീർശെൽവം മുഖ്യമന്ത്രിയായത്.
നിലവിൽ അണ്ണാ ഡി.ഐ.കെയുടെ താൽകാലിക ജനറൽ സെക്രട്ടറിയാണ് ശശികല. അതേസമയം, ശശികല എങ്ങിനെയാണ് എഐഎഡിഎംകെ സെക്രട്ടറിയായതെന്ന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിക്ക് നോട്ടീസ് നല്‍കി.
പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയാകാനുള്ള യോഗ്യത ശശികലയ്ക്ക് ഇല്ലെന്ന് ആരോപിച്ച് ശശികല പുഷ്പ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. പാര്‍ട്ടി അംഗത്വത്തോടെ നിശ്ചിത വര്‍ഷം മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ജനറല്‍ സെക്രട്ടറി പദത്തിന് അര്‍ഹതയുള്ളൂ എന്നാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം.
കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഇതേമാസം 31-ന് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റു. 62-കാരിയായ ശശികല മൂന്നുപതിറ്റാണ്ട് ജയലളിതയുടെ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.