ചെന്നൈ: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് രജനികാന്ത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും ജനാധിപത്യത്തിന്‍റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനികാന്ത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 



2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്നതില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഇതുവരെ രൂപം നല്‍കിയിട്ടില്ല. പക്ഷേ എന്തും നേരിടാന്‍ സജ്ജമാണെന്നും ഏതെങ്കിലും മുന്നണിയുമായി സഖ്യം രൂപീകരിക്കണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാറായിട്ടില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.


കര്‍ണാടകയിലെ ബിജെപിയുടെ കാട്ടികൂട്ടലുകളെ പരിഹസിച്ച് പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. മുന്‍പ് കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യം എംഎല്‍എമാരുമായി റിസോര്‍ട്ടിലേക്ക് മാറിയപ്പോഴും രൂക്ഷ പരിഹാസമാണ് അദ്ദേഹം നടത്തിയത്. തിരഞ്ഞെടുപ്പ് കാലം മുതല്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തിയ ആളാണ് പ്രകാശ് രാജ്. ഇതിന്‍റെ പേരില്‍ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വഴിയില്‍ തടയുക വരെ ചെയ്തിരുന്നു. ചില ഹിന്ദി ചിത്രങ്ങളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം മുന്‍പ് ഉന്നയിച്ചിരുന്നു.