നോയിഡ: വ്യക്തമാകാതെ വരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പല  ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അങ്ങനെയൊരു സംഭവമാണ് മണിക്കൂറുകളോളം നോയിഡയിലെ ഛിജാര്‍സി പ്രവിശ്യയിലെ പൊലീസിനെയും വലച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് അവരെ ഭയപ്പെടുത്താന്‍ ഒരു പതിനൊന്നുകാരന്‍ കാണിച്ച കുറുമ്പായിരുന്നു എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. 


തിങ്കളാഴ്ച രാവിലെ പിതാവിന്‍റെ പലചരക്ക് കടയില്‍ നിന്ന് കുട്ടി നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തുകയും വഴക്ക് പറയുകയും മണിക്കൂറുകളോളം മുറിയില്‍ ഒറ്റയ്ക്കിരുത്തുകയും ചെയ്തിരുന്നു. 


തുടര്‍ന്ന് വീട്ടുകാരെ പേടിപ്പിക്കാന്‍ സ്‌കൂള്‍ വിട്ട ശേഷം ഒരു അപരിചിതന്‍റെ മോട്ടോര്‍ ബൈക്കില്‍ കയറി കുട്ടി ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാക്കിലെത്തി. 


കുറച്ച് നേരം അവിടെ ചുറ്റിത്തിരിഞ്ഞ കുട്ടി വഴിയില്‍ കണ്ട ഒരു വ്യക്തിയുടെ  ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഫോണ്‍ വിളിച്ച കുട്ടി പിതാവിനോട് ആവശ്യപ്പെട്ടത് അഞ്ച് നിമിഷത്തിനുള്ളില്‍ അവിടേക്ക് എത്താനായിരുന്നു. 


എന്നാല്‍, അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോണ്‍സന്ദേശം കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് പിതാവ് തെറ്റി കേട്ടു. ഇത് കേട്ട ഉടനെ പൊലീസ് സ്റ്റേഷനിലെത്തിയ പിതാവ് കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന് കാണിച്ച് പരാതി നല്‍കി. 


എന്നാല്‍, തിരക്കുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ കണ്ടു പിടിച്ചപ്പോഴാണ് പൊലീസിനും കുട്ടിയുടെ മാതാപിതാക്കള്‍ക്കും സത്യങ്ങള്‍ മനസിലായത്.  


എന്താണെങ്കിലും മകന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ കേട്ടതിലുണ്ടായ ആശയക്കുഴപ്പ൦ ഇത്രയൊക്കെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതോടെ അത് ഏറ്റുപറഞ്ഞു പിതാവ് പൊലീസില്‍ നിന്ന് തടിയൂരി.