Two-finger test: എന്താണ് രണ്ട് വിരൽ പരിശോധന? ബലാത്സംഗത്തെ അതിജീവിച്ചവരിൽ നടത്തുന്ന ക്രൂരമായ പരിശോധനയെക്കുറിച്ച് അറിയാം
What is two-finger test: ബലാത്സംഗത്തെ അതിജീവിച്ച വ്യക്തികളെ വീണ്ടും അപമാനിക്കുന്ന രണ്ട് വിരൽ പരിശോധന പോലുള്ളവ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. രണ്ട് വിരൽ പരിശോധനയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഈ പ്രാകൃത പരിശോധനാ രീതി ബലാത്സംഗത്തെ അതിജീവിച്ചവരെ വീണ്ടും അപമാനിക്കുന്നതാണ്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബലാത്സംഗത്തെ അതിജീവിച്ച വ്യക്തികളെ വീണ്ടും അപമാനിക്കുന്ന ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്താണ് രണ്ട് വിരൽ പരിശോധന അഥവാ ടു-ഫിംഗെർ ടെസ്റ്റ്?
സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്ന രീതിയാണിത്. ഇതിന് യാതൊരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും ഇല്ല. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ കന്യകയാണോ അല്ലയോ എന്ന് അറിയുന്നതിനായി ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ വിരലുകള്‍ ചേര്‍ത്ത് ഇരയുടെ സ്വകാര്യ ഭാഗത്തിലേക്ക് കടത്തി പരിശോധന നടത്തുന്ന രീതിയാണിത്. ഇതിൽ കന്യാചർമ്മവും പരിശോധിക്കും. സ്ത്രീയുടെ അല്ലെങ്കിൽ പെൺകുട്ടിയുടെ യോനി വഴി വിരലുകൾ കടത്തിയാണ് ഈ പരിശോധന നടത്തുന്നത്. ഇതിലൂടെ കന്യാചർമ്മവും യോനിഭിത്തിയുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഡോക്ടര്‍മാരുടെ വിരലുകള്‍ യോനിയില്‍ എളുപ്പത്തില്‍ ചലിക്കുന്നുണ്ടെങ്കിൽ ആ സ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുന്നു.
രണ്ട് വിരൽ പരിശോധനയെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കാൻ കാരണം?
ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയും അന്തസും ഹനിക്കുന്നതാണ് ഈ പരിശോധനാ രീതിയെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് ശാരീരികമായും മാനസികമായും വേദനിപ്പിക്കുന്നതാണ്. രണ്ട് വിരൽ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കിൽ പോലും ഇരയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാകില്ല. രണ്ട് വിരൽ കന്യകാത്വ പരിശോധന സ്ത്രീകളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന 2013ലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ ഈ പരിശോധനകൾ വീണ്ടും തുടരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...