Aadhaar Update: ഒരു വ്യക്തി മരിച്ചാൽ അയാളുടെ ആധാർ നമ്പറിന് എന്ത് സംഭവിക്കും? അറിയാം
Aadhaar Update: ഒരു വ്യക്തി മരിയ്ക്കുമ്പോള്‍ അയാളുടെ ആധാർ കാര്‍ഡിന് എന്ത് സംഭവിക്കും? ആധാറിന്‍റെ ദുരുപയോഗം തടയുക എന്ന നടപടിയുടെ ഭാഗമായി പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Aadhaar Update: ഇന്ന് നമ്മുടെ രാജ്യത്ത് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ഒന്നാണ് ആധാര്‍ കാര്‍ഡ്. വിവിധ ആവശ്യങ്ങൾക്കായുള്ള തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്.
നമുക്കറിയാം പൗരന്മാര്‍ ബാങ്ക് അക്കൗണ്ടുമായും പാൻ കാർഡുമായും ആധാർ ബന്ധിപ്പിക്കേണ്ടത് ഇന്ന് ആവശ്യമാണ്. ഇതോടൊപ്പം വോട്ടർ കാർഡുമായും ആധാർ ലിങ്ക് ചെയ്യണം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ആധാർ ഒരു പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ഇന്ന് ഉപയോഗിക്കപ്പെടുമ്പോൾ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറുന്നു. ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ കേന്ദ്ര സർക്കാർ പല നിയമ നടപടികളും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും സർക്കാർ നിർദ്ദേശിക്കുന്നു. അതനുസരിച്ച് പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും ഈ വർഷങ്ങളിൽ തങ്ങളുടെ രേഖകൾ ഒരിക്കലും അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ അടുത്തിടെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
Also Read: Chaitra Navratri 2023: നവരാത്രി ആചരണം മാർച്ച് 22 മുതല്‍, കലശം സ്ഥാപിക്കാനുള്ള ശുഭസമയം അറിയാം
കൂടാതെ, ഏതെങ്കിലും നിയമപരമായ ആവശ്യങ്ങൾക്കായി ഒരു വ്യക്തിയുടെ ആധാർ കാർഡ് സ്വീകരിക്കുന്നതിന് മുമ്പ് അതിന്‍റെ വിശ്വാസ്യത പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ ആധാർ കാർഡുകളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.
എന്നാല്‍ ഒരു വ്യക്തി മരിയ്ക്കുമ്പോള്‍ അയാളുടെ ആധാർ കാര്‍ഡിന് എന്ത് സംഭവിക്കും? ആധാറിന്‍റെ ദുരുപയോഗം തടയുക എന്ന നടപടിയുടെ ഭാഗമായി പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത്, മരിച്ചയാളുടെ ആധാർ നിർജീവമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നത്. ഇതിനായി പുതിയ നിയമ ഭേദഗതി കൊണ്ടുവരും. അതായത്, മരണ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്ന വിധത്തിൽ, 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിൽ ഭേദഗതിവരുത്താനാണ് നീക്കം. കരട് ഭേദഗതിയിൽ നിര്‍ദേശം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ യുഐഡിഎഐയോട് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവരുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള സംവിധാനം ഉടന്‍തന്നെ നിലവില്‍ വരും. ജനന സര്‍ട്ടിഫിക്കറ്റില്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇത് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ വിവരം കൈമാറുന്നതോടെ ആധാര്‍ റദ്ദാക്കല്‍ നടപടി ആരംഭിക്കും. ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ ആധാര്‍ നിര്‍ജീവമാക്കല്‍ നടപ്പാക്കൂ. നിലവില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സംവിധാനമൊന്നുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...