ന്യൂഡല്‍ഹി: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാൻ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ പ്രഖ്യാപനം എത്തുന്നത്. 


റാവൽപിണ്ടിയിൽ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിർത്തിയിലും എത്തിച്ച ശേഷം വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന.  നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.  


എന്നാല്‍ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാം എന്നായിരുന്നു രാവിലെ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. 


ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മർദ്ദവും പാക്കിസ്ഥാനു മേൽ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാടു കർശനമാക്കുന്നു എന്ന സൂചനയും പുറത്തു വന്നു. 


പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാക്കിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. 


പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി യോഗം സ്ഥിതി വിലയിരുത്തി. വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കും എന്ന പ്രഖ്യാപനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാണ്.