ചന്ദ്രയാന്‍-3 പദ്ധതി ആരംഭിച്ചതായി ISRO!
ചന്ദ്രയാന്‍-3 പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ISRO ചെയര്‍മാന്‍ കെ. ശിവന്‍.
ബംഗളൂരു: ചന്ദ്രയാന്‍-3 പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ISRO ചെയര്‍മാന്‍ കെ. ശിവന്‍.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ചന്ദ്രയാന്‍ 3ന് അനുമതി ലഭിച്ചതോടെ ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 നവംബറില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കാനാണ് ISRO തയ്യാറെടുക്കുന്നത്.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3യുടെ വിക്ഷേപണം 2020യില്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം ഒരു ബഹിരാകാശയാത്രികനെ ചന്ദ്രനിലേക്ക് അയയ്ക്കാൻ ഇന്ത്യയ്ക്ക് കുറേക്കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ചന്ദ്രോപരിതലത്തില്‍ വെള്ളത്തിനോ ഹിമത്തിനോ ഉള്ള സാധ്യതകള്‍ കണ്ടെത്തുക, അടുത്തുള്ള പ്രദേശം വിശകലനം ചെയ്യുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം.
അതേസമയം, ഗഗന്‍യാന്‍ മിഷന്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ക്കൂടി അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചു. 4
ബഹിരാകാശയാത്രികരെ ഗഗന്‍യാന്‍ മിഷനായി തിരഞ്ഞെടുത്തതായും ഉടന്‍ തന്നെ അവര്‍ പരിശീലനത്തിനായി റഷ്യയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 1984ലാണ് ആദ്യമായി ഇന്ത്യയുടെ രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് സഞ്ചരിച്ചത്. ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ വ്യക്തിയായി രാകേഷ് ശർമ മാറിയെങ്കിലും റഷ്യൻ മൊഡ്യൂളിലാണ് അദ്ദേഹം സഞ്ചരിച്ചത്.
എന്നാല്‍, ഗഗന്‍യാന്‍ മിഷന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാകുമെന്ന് കെ. ശിവൻ പറഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത മൊഡ്യൂളിലാണ് ഇന്ത്യൻ ബഹിരാകാശയാത്രികർ യാത്രയാവുക, അദ്ദേഹം പറഞ്ഞു. റഷ്യയിൽ പരിശീലനം ലഭിച്ച ശേഷം, ബഹിരാകാശയാത്രികർക്ക് ഇന്ത്യയിൽ നിര്‍മ്മിച്ച മൊഡ്യൂളില്‍ നിർദ്ദിഷ്ട പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ISRO ശാസ്ത്രജ്ഞരുടെ പ്രഥമ പരിഗണനയാണ് ഇപ്പോള്‍ ഗഗന്യാൻ പദ്ധതിയെന്നും ISRO ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.